തിരൂർ: പുറത്തൂർ ഗ്രാമപഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിക്കുന്ന നായർതോട് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പാലം വരുന്നതോടെ തീരദേശത്തിന്റെ വികസന കുതിപ്പിന് മുതൽക്കൂട്ടാവും. പാലത്തിന്റെ സ്ലാബുകളുടെ കോൺക്രീറ്റിങ് ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം പാലത്തിന്റെ നിർമാണം പൂർത്തിയാകും. രണ്ട് സ്ലാബുകളുടെ കോൺക്രീറ്റിങ്ങാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. ആഗസ്റ്റോടെ പടിഞ്ഞാറെക്കര ഭാഗത്തെ ആറ് സ്ലാബുകളുടെ കോൺക്രീറ്റിങ് പൂർത്തിയാകും. ആകെ 15 സ്ലാബുകളാണ് വേണ്ടത്.
കഴിഞ്ഞ നവംബറിലാണ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നത്. 52.20 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 28 മാസമാണ് നിർമാണ പ്രവൃത്തിയുടെ കാലാവധി. തിരൂർ-പൊന്നാനി പുഴയുടെ ഇരുകരകളിലായി കഴിയുന്ന പുറത്തൂർ പഞ്ചായത്തിലെ ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്നമാണ് നായർതോട് പാലം. 432 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. മധ്യഭാഗത്ത് ദേശീയ ജലപാതക്ക് സൗകര്യമൊരുക്കുന്നതിനാൽ ഇവിടെ പാലത്തിന്റെ ഉയരവും തൂണുകൾക്കിടയിലെ നീളവും കൂടും. പാലത്തിന്റെ സമീപന റോഡിന്റെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായി വരുന്നു.
പാലം യാഥാർഥ്യമായാൽ പടിഞ്ഞാറെക്കരയിൽനിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ കാവിലക്കാട് ഭാഗത്തെത്താം. ഇപ്പോൾ കാവിലക്കാട്ടുനിന്ന് മംഗലം വഴി കൂട്ടായി പാലത്തിലൂടെ 16 കിലോമീറ്റർ സഞ്ചരിച്ചുവേണം പടിഞ്ഞാറെക്കരയിലെത്താൻ. പുറത്തൂർ പഞ്ചായത്ത് ഓഫിസും വില്ലേജ് ഓഫിസും ആശുപത്രിയും സ്ഥിതി ചെയ്യുന്നത് കാവിലക്കാട് ഭാഗത്താണ്.
പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളും കാവിലക്കാടിനടുത്ത് തൃത്തല്ലൂരിലാണ്. പാലം ഇല്ലാത്തതിനാൽ പടിഞ്ഞാറെക്കര മേഖലയിലെ മൂന്ന് വാർഡുകളിലെ താമസക്കാർ ഏറെ യാത്രാദുരിതം അനുഭവിച്ചാണ് വിവിധ സർക്കാർ സ്ഥാപനങ്ങളിലെത്തുന്നത്. കടലോര മേഖലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ആനുകൂല്യങ്ങൾക്കും മറ്റുമായി ഏറെ പ്രയാസപ്പെട്ടാണ് ഓഫിസുകളിലെത്തുന്നത്. നായർതോട് പാലം വരുന്നത് തീരദേശ പാതക്ക് ഗുണകരമാകും. കോഴിക്കോട്ടുനിന്ന് തീരദേശ റോഡിലൂടെ വരുന്നവർക്ക് ഗതാഗതക്കുരുക്കുകളില്ലാതെ ചമ്രവട്ടം പാലത്തിൽ എളുപ്പമെത്താനാകും. തീരദേശ മേഖലയിലുള്ള ടൂറിസം പദ്ധതികൾക്ക് പാലം ഉണർവേകും.
പി.പി. അബ്ദുല്ലക്കുട്ടി എം.എൽ.എ ആയിരിക്കെ 2009ലാണ് ആദ്യമായി പാലം നിർമാണത്തിനായി ഫണ്ട് വകയിരുത്തിയത്. ഇൻലാൻഡ് നാവിഗേഷൻ അനുമതിക്കായി പിന്നെയും കാത്തിരിക്കേണ്ടി വന്നു. സ്ഥലം എം.എൽ.എ കെ.ടി. ജലീൽ മന്ത്രിയായിരിക്കെ പദ്ധതി പരിഷ്കരിച്ച് നടപടികൾ വേഗത്തിലാക്കി. 2020ൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ആവശ്യമായ ഫണ്ട് വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.