തിരൂരങ്ങാടി: രണ്ടുദിവസം പൂർണമായി ഇരുട്ടിലാക്കി തിരൂരങ്ങാടി കെ.എസ്.ഇ.ബിയുടെ 'പരീക്ഷണം'. തിരൂരങ്ങാടി ചന്തപ്പടി, റശീദ് നഗർ ഭാഗങ്ങളിലുള്ളവരെയാണ് ദുരിതത്തിലാക്കിയത്. ചൊവ്വാഴ്ച രാവിെല വൈദ്യുതിക്കാലിൽ വാഹനം ഇടിച്ചതിനെ തുടർന്നാണ് വൈദ്യുതി പോയത്.
കൂടുതൽ കേടുപാടുകൾ സംഭവിച്ചതിനാൽ വൈകീട്ട് അഞ്ചിനേ ശരിയാകൂ എന്നാണ് പറഞ്ഞത്. ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ എസ്.എം.എസും ലഭിച്ചിരുന്നു. വൈകീട്ട് വൈദ്യുതി വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ രാത്രി എട്ടിന് വരുമെന്ന മറുപടിയാണ് ലഭിച്ചത്. എട്ടിന് ചില ഭാഗങ്ങളിൽ വെന്നങ്കിലും ചന്തപ്പടി, റശീദ് നഗർ, ആസാദ് നഗർ ഭാഗങ്ങളിൽ വൈദ്യുതി വന്നില്ല.
സെക്ഷൻ ഓഫിസിൽ വിളിച്ചപ്പോൾ ജമ്പർ കത്തിയതാണെന്നും ഇന്ന് നന്നാക്കാൻ പറ്റുകയില്ലെന്നും പറഞ്ഞ് ഫോൺ കട്ടാക്കിയെന്ന് നാട്ടുകാർ പറഞ്ഞു. എ.ഇക്ക് വിളിച്ചപ്പോൾ ജമ്പർ കത്തിയ വിവരം അറിഞ്ഞിരുന്നില്ല. വൈകാതെ വൈദ്യുതി വരുമെന്നാണ് പറഞ്ഞത്.
പിന്നീട് അദ്ദേഹം തിരിച്ചുവിളിച്ച് തിരുത്തിപ്പറഞ്ഞു. ഇതിന് ശേഷം സെക്ഷൻ ഓഫിസിലേക്ക് വിളിച്ച സ്ത്രീകൾ അടക്കമുള്ള പലരോടും പല തരത്തിലുള്ള മറുപടികളാണ് പറഞ്ഞത്. എന്നാൽ, പിറ്റേദിവസം രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ പരപ്പനങ്ങാടി 110 കെ.വി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് കൂടി ലഭിച്ചതോടെ ആശങ്കയിലായ നാട്ടുകാർ അൽപസമയമെങ്കിലും തങ്ങളുടെ ലൈനിൽ വൈദ്യുതി വിടണമെന്ന് കേണപേക്ഷിെച്ചങ്കിലും അധികൃതർ കനിഞ്ഞില്ല.
ചന്തപ്പടി ഭാഗത്തെ തകരാർ തീർക്കാനാണ് പരപ്പനങ്ങാടി സബ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ലൈൻ ഓഫ് ചെയ്യുന്നതെന്നാണ് ഫോൺ ചെയ്ത പലരോടും ഓഫിസിൽനിന്ന് പറഞ്ഞത്. എന്നാൽ, ഇത് തീർത്തും കളവായിരുന്നു. ബുധനാഴ്ച വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് ചൊവ്വാഴ്ച വൈകീട്ട് മൂന്നിനുതന്നെ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു.
അതിനിടെ, രാത്രി ചന്തപ്പടി ബൈപാസ് റോഡ് ജങ്ഷനിൽ വൈദ്യുതി കാലിൽ കാറിടിച്ച് മറ്റു ഭാഗങ്ങളിൽ വീണ്ടും വൈദ്യുതി തകരാറിലായി.
രണ്ടുദിവസം പൂർണമായി ഇരുട്ടിലായതോടെ വെള്ളവും വെളിച്ചവുമില്ലാതെയും വിദ്യാർഥികളുടെ ഓൺലൈൻ പഠനവും മുടങ്ങി. പഠനം മുടങ്ങിയ വിദ്യാർഥികൾ മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.