തിരൂരങ്ങാടി: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച തിരൂരങ്ങാടി നഗരസഭയിലെ പന്താരങ്ങാടിയിലെ മൈലിക്കൽ ശ്മശാനം നവീകരിക്കുന്നു. അഞ്ച് പതിറ്റാണ്ടോളം പഴക്കമുള്ള 14 സെന്റിൽ സ്ഥിതി ചെയ്യുന്ന നഗരസഭയിലെ ഏക പൊതുശ്മശാനമാണ് മൈലിക്കൽ. കുഴിവെട്ടി സംസ്കരിക്കുന്ന രീതിയാണിവിടെ. എന്നാൽ, ചതുപ്പുനിലമായതിനാൽ മഴക്കാലത്ത് ചെറുതായി കുഴിവെട്ടിയാൽതന്നെ വെള്ളം കാണുന്നതിനാൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പരിമിതികൾ ഏറെയുണ്ടായിരുന്നു.
നാലും മൂന്നും സെന്റിൽ താമസിക്കുന്നവർ മൃതദേഹം അടക്കം ചെയ്യാൻ പലപ്പോഴും വീടിന്റെ ഭാഗം പൊളിച്ചായിരുന്നു സംസ്കാരം നടത്തിയിരുന്നത്. അതിനാൽ ഏറെകാലമായി മൈലിക്കൽ ശ്മശാനം ആധുനീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ആധുനീകരണത്തിന് മുമ്പും ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും പരിസരവാസികളടെ എതിർപ്പുമൂലം തുടർനടപടി ഉണ്ടായിരുന്നില്ല. തുടർന്ന് ശ്മശാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിരുന്നു. സമിതി കേസുമായി ഹൈകോടതിയെയും സമീപിച്ചിരുന്നു.
ഒടുവിൽ തിരൂരങ്ങാടി നഗരസഭ കൗൺസിലിലാണ് ശ്മശാനം നവീകരിക്കാൻ തീരുമാനമായത്. ആധുനീകരണത്തിന്റെ ഭാഗമായി വാതകശ്മശാനം സ്ഥാപിക്കാനാണ് പദ്ധതി.
ഇത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തും. അതേസമയം, സമീപത്ത് താമസിക്കുന്നവരെ വിശ്വാസത്തിലെടുത്തായിരിക്കണം ശ്മശാനം നവീകരിക്കേണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ശ്മശാനത്തിന്റെ പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് നഗരസഭ അധ്യക്ഷൻ അറിയിച്ചു.
എന്നാൽ, മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന്റെ ഭാഗമായി നഗരസഭ തട്ടിക്കൂട്ട് പരിപാടി നടത്തുകയാണെന്നും എല്ലാവർഷവും ഫണ്ട് വകയിരുത്തി എന്ന് പറയുകയല്ലാതെ കാര്യങ്ങൾ ഒന്നും നടക്കാറില്ലെന്നും സ്ഥിരം പല്ലവി നഗരസഭ ആവർത്തിക്കുകയാണെന്നും ശ്മശാന സംരക്ഷണസമിതി അംഗം കെ. മഹേന്ദ്രൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.