തിരൂരങ്ങാടി: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലേക്ക് കുടിവെള്ളം കൊണ്ടുപോകാൻ കുഴിച്ച കുഴി മരണക്കുഴിയായി. മൂന്നിയൂർ പഞ്ചായത്ത് പാറക്കടവ് മുതൽ തലപ്പാറ വരെയുള്ള സംസ്ഥാനപാതയുടെ ഒരു ഭാഗമാണ് വ്യാപകമായി കുഴിയെടുത്ത് പൈപ്പ് ലൈൻ സ്ഥാപിച്ചത്. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ ഇവിടങ്ങളിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ മാറ്റിയിരുന്നു. എന്നാൽ, പാറക്കടവ് മുതൽ തലപ്പാറ വരെയുള്ള പാതയിലെ പൈപ്പ് ലൈൻ പഴയതായതിനാൽ നിരന്തരം പൈപ്പ് പൊട്ടുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചത്.
പണി കഴിയുന്ന മുറക്ക് റോഡ് പൂർവസ്ഥിതിയിലാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. ഇതിനാൽ തന്നെ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങളുടെ വരവും പോക്കും. ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ഓട്ടോയും കാറും കൂട്ടിയിടിച്ച് വയോധികനായ ഓട്ടോ യാത്രക്കാരൻ മരിച്ചിരുന്നു. ഇതുവരെ രണ്ടു ഡസനോളം അപകടങ്ങൾ ഇവിടെ നടന്നതായി നാട്ടുകാർ പറഞ്ഞു. എത്രയും പെട്ടെന്ന് പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തീകരിച്ച് റോഡ് പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി പോകുമെന്ന് നാട്ടുകാരും വ്യാപാരികളും അറിയിച്ചു. മഴക്ക് മുമ്പേ റോഡ് പണിയും പൈപ്പ് ലൈൻ പ്രവൃത്തിയും പൂർത്തീകരിച്ചിട്ടില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുമെന്നും വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.