തിരൂരങ്ങാടി: ഉദ്ഘാടനം കഴിഞ്ഞ് നാല് മാസമായിട്ടും പുതുതായി നിർമിച്ച തൃക്കുളം ഹൈസ്കൂൾ കെട്ടിടം കൈമാറിയില്ല. സംസ്ഥാന സർക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 3.25 കോടി ലക്ഷം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടമാണ് ഇതുവരെ കൈമാറാതെ നിൽക്കുന്നത്. 2021 സെപ്റ്റംബർ 14ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴിയാണ് കെട്ടിട ഉദ്ഘാടനം നിർവഹിച്ചത്. കെട്ടിടത്തിൽ ടൈൽ വിരിക്കുന്ന പണി ഇതുവരെ പൂർത്തിയായിട്ടില്ല. ഓരോ മാസവും സ്കൂൾ കൈമാറും എന്ന് പറയുകയല്ലാതെ ഇതുവരെ കൈമാറി കിട്ടിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.
തൃക്കുളം ഹൈസ്കൂളിലെ പഴയ യു.പി കെട്ടിടം പൊളിച്ചാണ് മൂന്ന് നിലകളിലായി പുതിയ കെട്ടിടം പണിതത്. യു.പി വിഭാഗത്തിന് വേണ്ടി തന്നെയാണ് പുതിയ കെട്ടിടം ഉപയോഗിക്കുക. താഴെ നിലയിൽ ഓഫിസും രണ്ട് സ്റ്റാഫ് മുറികളും കമ്പ്യൂട്ടർ ലാബും ഒന്നും രണ്ടും നിലകളിലായി ക്ലാസ് മുറികളുമായി 12 റൂമോട് കൂടിയ കെട്ടിടമാണ് ഉദ്ഘാടനം നിർവഹിച്ച് ഇതുവരെ കൈമാറാതെ കിടക്കുന്നത്. ഇതുമൂലം എൽ.പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾ പഠിക്കാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. പണി തീർത്ത് കിഫ്ബിയുടെ പരിശോധനയും കഴിഞ്ഞ് പുതിയ കെട്ടിടത്തിൽ എന്ന് പഠനം തുടങ്ങാനാവും എന്നതിന് ഇതുവരെ അധികൃതർ വ്യക്തമായ മറുപടിയും നൽകുന്നില്ല. പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന സമാന എണ്ണം ക്ലാസ്മുറികൾ തന്നെയാണ് പുതിയ കെട്ടിടത്തിലുമുള്ളൂ എന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. 1909ൽ മലബാർ എലമെൻററി ബോർഡിന് കീഴിൽ എൽ.പി സ്കൂൾ ആയി തുടങ്ങിയ സ്കൂൾ 2013ലാണ് ഗവ. ഹൈസ്കൂളായി ഉയർത്തിയത്. 2012 വിദ്യാർഥികൾ സ്കൂളിൽ നിലവിൽ പഠിക്കുന്നുണ്ട്. ചരിത്ര പ്രസിദ്ധമായ ഈ ഗവ. സ്കൂളിനോടാണ് അധികൃതരുടെ അവഗണന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.