തിരൂരങ്ങാടി: പരിശോധനയും ബോധവത്കരണവും കർശനമാക്കിയിട്ടും നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയവർക്ക് മോട്ടോർ വാഹന വകുപ്പധികൃതരുടെ കൂച്ചുവിലങ്ങ്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയത്. അമിത ലൈറ്റുകളുടെ അപകടവും സീറ്റ്ബെൽറ്റ്, ഹെൽമറ്റ് എന്നിവയുടെ ആവശ്യകതയെയും കുറിച്ചുള്ള ബോധവൽക്കരണവുമായി നിരത്തിൽ കർമനിരതരാണിവർ.
വിവിധ കേസുകളിലായി 94,000 രൂപ പിഴ ചുമത്തി. തിരൂരങ്ങാടി ജോ. ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ, എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, എസ്.ജി. ജെസി, ടി. മുസ്തജാബ്, മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി, കൊടിഞ്ഞി, മമ്പുറം, തെയ്യാല, വേങ്ങര, പരപ്പനങ്ങാടി, വള്ളിക്കുന്ന്, പൂക്കിപ്പറമ്പ് തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ പറഞ്ഞു.
കോട്ടക്കൽ: പൊലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തു. രാത്രിയുടെ മറവിൽ നടന്ന അതിക്രമത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നു ഒരു നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുയർന്നു. അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പിടികൂടിയ മണ്ണുമാന്തിയന്ത്രത്തിന് നേരെയാണ് ആക്രമണം. കഴിഞ്ഞ മാസം 18ന് ഇന്ത്യനൂരിൽ നിന്ന് കോട്ടക്കല്‍ പോലീസ് വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നു.
പുത്തൂര്‍ ബൈപാസില്‍ മറ്റു വാഹനങ്ങൾക്കൊപ്പം ജെ.സി.ബിയും മാറ്റിയിട്ടു. രാത്രിയിൽ വടിയും കല്ലുകളും ഉപയോഗിച്ചാണ് ചില്ലുകൾ തകര്‍ത്തിരിക്കുന്നത്.
വാഹനം ആക്രമിക്കപ്പെട്ടത് അറിയിച്ചിട്ടും പൊലീസ് പരിശോധിക്കാന്‍ തയാറായിട്ടില്ലയെന്നും ആരോപണമുണ്ട്. അന്വേഷണം നടത്തണമെന്ന് സി.ഇ.ഒ.എ ജില്ല വൈസ് പ്രസിഡന്റ് ഇസ്മായീല്‍ എന്ന ബാവ ആവശ്യപ്പെട്ടു. ഇന്ത്യനൂർ സ്വദേശി മുളഞ്ഞിപ്പുലാക്കൽ അബ്ദുറഹ്മാന്റേതാണ് വാഹനം. പൊലീസ് പിടികൂടുന്ന ഇത്തരം വലിയ വാഹനങ്ങൾ ബൈപ്പാസ് പാതയിൽ സൂക്ഷിക്കുന്നത് അപകടങ്ങൾക്കും മറ്റും വഴിവെക്കുകയാണ്.
വേങ്ങര: ദേശീയപാതയിലെ എ.ആർ നഗർ ഇരുമ്പുചോലയിൽ അടിപ്പാത അനുവദിക്കേണ്ട പ്രദേശം ദേശീയപാത അധികൃതർ സന്ദർശിച്ചു. നാഷനൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടർ ദേവപ്രസാദ് സാവു, ഡെപ്യൂട്ടി കലക്ടർ ജി.എം. അരുൺ, ലെയ്സൺ ഓഫിസർ പി.പി.എം അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.
ആറുവരി ദേശീയപാത നിർമാണം പൂർത്തിയാകുന്ന മുറക്ക് റോഡ് മുറിച്ചു കടക്കാൻ നിയന്ത്രണങ്ങൾ ഉണ്ടാകുന്നതോടെ ഈ ഭാഗത്ത് വിദ്യാർഥികൾക്കും നാട്ടുകാർക്കും ഉണ്ടാവുന്ന പ്രയാസം പരിഹരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ അധ്യയനം നടക്കുന്ന യു.പി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു വശത്തും പഠിക്കാനെത്തുന്ന വിദ്യാർഥികളിൽ വലിയൊരു വിഭാഗം റോഡിനപ്പുറത്തുമാവുന്നതാകും അവസ്ഥ. ഇരുമ്പുചോല എ.യു.പി സ്കൂൾ അധികൃതരും ദേശീയപാത അതോറിറ്റിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.