തിരൂരങ്ങാടി: പരമ്പരാഗത യു.ഡി.എഫ് മണ്ഡലമാണെങ്കിലും കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും കനത്തപോരാട്ടമാണ് തിരൂരങ്ങാടിയിൽ.
യു.ഡി.എഫ് സ്ഥാനാർഥിയാക്കി ഇറക്കിയിരിക്കുന്നത് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ. ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി നിയാസ് പുളിക്കലകത്തും. ന്യൂനപക്ഷവോട്ട് കൂടി ലക്ഷ്യമിട്ട് എൻ.ഡി.എ സ്ഥാനാർഥിയായി കള്ളിയത്ത് സത്താർഹാജിയും രംഗത്തുണ്ട്.
മണ്ഡലത്തിലെ വികസനനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് കെ.പി.എ മജീദിെൻറ പ്രചാരണം. പരപ്പനങ്ങാടി ഹാർബർ, ഹജൂർ കച്ചേരി, പാലത്തിങ്ങൽ പാലം തുടങ്ങിയവ ചൂണ്ടിക്കാണിക്കുന്നു. പുലർച്ചെ വ്യായാമവും അതിന് ശേഷമുള്ള പ്രാതലും കഴിഞ്ഞാണ് പ്രചാരണം ആരംഭിക്കുന്നത്.
ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കി മൂന്നാംഘട്ട വാഹനപ്രചാരണത്തിലാണ് മജീദ്. എട്ട് മണിക്ക് തന്നെ തിരൂരങ്ങാടി നഗരസഭയിലെ പള്ളിപ്പടിയിലേക്ക്. പ്രചാരണമാരംഭിച്ചപ്പോൾ തന്നെ വാഹനത്തിൽ നിന്നിറങ്ങി മത്സ്യ കച്ചവടക്കാരുടെ അടുത്തേക്ക്. ആവശ്യങ്ങളും നിർദേശങ്ങളും കേട്ടശേഷം വോട്ടഭ്യർഥിച്ച് നേരെ അട്ടക്കുളങ്ങര, വടക്കേ മമ്പുറം ഭാഗത്തേക്ക്.
ഗ്രാമങ്ങളിലൂടെയുള്ള വോട്ടഭ്യർഥന. കടകളിലും കല്യാണവീട്ടിലും കയറി. ഞായറാഴ്ചത്തെ പര്യടനം വൈകീട്ട് ചെമ്മാട്ട് അവസാനിച്ചു. സ്ഥാനാർഥി നിർണയ അസ്വാരസ്യങ്ങൾ മണ്ഡലത്തിൽ മാറിയിട്ടുണ്ട്. ഭാഷസമര നായകനെന്ന പരിവേഷവുമുണ്ട് മജീദിനിപ്പോൾ.
നീണ്ട കാലത്തെ വികസനമുരടിപ്പിന് ഒരവസാനം വേണ്ടേ? ബാപ്പയും മകനും 50 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും എന്ത് നേട്ടമാണ് മണ്ഡലത്തിനുണ്ടായതെന്ന ചോദ്യങ്ങൾ ഉന്നയിച്ചാണ് ഇടത് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിെൻറ പ്രചാരണം.
ഞായറാഴ്ച രാവിലെ 9.30ന് പരപ്പനങ്ങാടി നെടുവയിലെ കുടുംബ സംഗമത്തിൽ പങ്കെടുത്താണ് തുടങ്ങിയത്. തിങ്ങിനിറഞ്ഞ സദസ്സിൽ സ്വതസിദ്ധ ഭാഷയിൽ തിരൂരങ്ങാടിയിലെ വികസന മുരടിപ്പ് വിവരിക്കുന്നു. തുടർന്ന് പരപ്പനങ്ങാടിയിലെ പര്യടനത്തിന് ഇടവേള നൽകി 10.30ന് പെരുമണ്ണ കുറിപ്പാലയിലെ സംഗമത്തിലേക്ക്.
ശേഷം വീണ്ടും തിരിച്ച് പരപ്പനങ്ങാടിയിലെ പുറ്റാട്ടുതറ, കൊട്ടന്തല കുടുംബസംഗമങ്ങളിൽ. തുടർന്ന്, മണ്ണടിഞ്ഞ് നശിച്ച കീരനല്ലൂർ ന്യൂകട്ട് കനാൽ സന്ദർശിച്ചു. താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയാക്കി ഉയർത്തിയില്ല, മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടില്ല തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. ചിഹ്നം ഫുട്ബാൾ തന്നെയായതിനാൽ കളിസ്ഥലങ്ങളിൽ സന്ദർശനം നടത്തി കുശലം പറയുന്നതും പതിവാണ്.
കോൺഗ്രസ് വോട്ടും ലീഗിലെ അസംതൃപ്തരുടെ വോട്ടും പിന്തുണയും കൂടി ലഭിച്ചാൽ അട്ടിമറി നടത്താമെന്ന പ്രതീക്ഷയാണ് നിയാസിന്. വൈകീട്ട് പരപ്പനങ്ങാടിയിലെ കുടുംബ സംഗമത്തോടെ ഞായറാഴ്ചത്തെ പര്യടനം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.