തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ഉൾപ്പെടെ സേവനങ്ങൾക്ക് നിരക്ക് വർധിപ്പിച്ചു. 30 മുതൽ 400 വരെ ശതമാനത്തിെൻറ വർധനയാണ് എച്ച്.എം.സി യോഗം വരുത്തിയത്. നിരക്ക് വർധനയിൽ ഇടത് അംഗങ്ങൾ എച്ച്.എം.സിയിൽ പ്രതിഷേധം രേഖപ്പെടുത്താത്തതിൽ ഇടത് അണികളിൽ വ്യാപക പ്രതിഷേധമുണ്ട്.
ഒന്നര വർഷമായി കോവിഡ് ചികിത്സ മാത്രമായതിനാൽ വരുമാനക്കുറവുണ്ടായി, കൂടാതെ കാലാനുസൃതമായ വർധന എന്നീ കാര്യങ്ങളാണ് നിരക്ക് വർധിപ്പിക്കാൻ അധികൃതർ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ. ആശുപത്രിയിലെ ഒട്ടുമിക്കതിെൻറയും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്ക് നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിരക്ക് വർധനക്കെതിരെ ഇതിനോടകം വ്യാപക പ്രതിഷേധം ഉയർന്നു. സ്ഥിരം സൂപ്രണ്ടിനെ നിയമിക്കാൻ യോഗം പ്രമേയം പാസാക്കി. കൂടാതെ പാരാമെഡിക്കൽ സർവിസുകളുടെ ഡ്യൂട്ടി സമയം ബോർഡിൽ പ്രദർശിപ്പിക്കും.
ആശുപത്രിയിൽ ക്ഷാമം ഉണ്ടായിരുന്ന എക്സ്റേ ഫിലിം, സിറിഞ്ച് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രി മാലിന്യത്തിന് ശാശ്വത പരിഹാരത്തിനായി പുതിയ രണ്ട് ടാങ്കിലേക്ക് പഴയ ടാങ്കിൽനിന്ന് കണക്ഷൻ മാറ്റി സ്ഥാപിക്കും. പഴയ ഡയാലിസിസ് സെൻറർ പുതിയ ഡയാലിസിസ് കേന്ദ്രത്തിലേക്ക് പൂർണമായും മാറ്റും. തുടർന്ന് കെട്ടിടം പൊളിച്ച് പുതിയത് പണിയുന്ന നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചു. നഗരസഭ ഹാളിൽ നടന്ന എച്ച്.എം.സി യോഗത്തിൽ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ സി.പി. സുഹ്റബി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ, സൂപ്രണ്ട് നസീമ, ആർ.എം.ഒ ഹാഫിസ് റഹ്മാൻ, കൗൺസിലർമാരായ കാക്കടവത്ത് അഹമ്മദ് കുട്ടി, പി.കെ. അസീസ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എം. അബ്ദുറഹ്മാൻ കുട്ടി, രാമദാസ് മാസ്റ്റർ, രത്നാകരൻ, അയ്യൂബ് തലാപ്പിൽ, സി.പി. അബ്ദുൽ വഹാബ്, പി. കുഞ്ഞാമു എന്നിവർ പങ്കെടുത്തു.
ആശുപത്രിയിലെ നിരക്ക് വർധന
ക്രമനമ്പർ, ഇനം, പഴയ നിരക്ക്,
പുതിയ നിരക്ക് എന്നീ ക്രമത്തിൽ
1. ഇ.സി.ജി 50, 100.
2. എക്സ്റേ 60, 100.
3. ഗേറ്റ് പാസ് 5, 5.
4. ജനന സർട്ടിഫിക്കറ്റ് 60, 100.
5. ഫിസിയോതെറപ്പി 60, 80.
6. ഫിസിയോെതറപ്പി 15 ദിവസ പാക്കേജ് 500, 750.
7. മൈനർ ഓപറേഷൻ 50, 250.
8. മേജർ ഓപറേഷൻ 100, 500.
9. ലാബ് കൊളസ്ട്രോൾ 20, 30.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.