തിരൂരങ്ങാടി: ദേശീയപാതയുടെ രാമനാട്ടുകര മുതൽ കുറ്റിപ്പുറം വരെയുള്ള പ്രവൃത്തി അതിവേഗം പുരോഗമിക്കുമ്പോഴും പൂക്കിപ്പറമ്പിലെ വ്യാപാരികളുടെയും യാത്രക്കാരുടെയും പ്രയാസം ഇതിനൊപ്പം വലുതാകുന്ന കാഴ്ചയാണ് കാണുന്നത്. ചേളാരിയിലും തലപ്പാറയിലും പടിക്കലുമെല്ലാം ദേശീയപാതയിൽ അണ്ടർപാസ് തുറന്നുകൊടുത്തത് ഒരുപരിധിവരെ ചുറ്റിത്തിരിഞ്ഞു യാത്രചെയ്യേണ്ടതിന് അറുതിയായിട്ടുണ്ട്. എന്നാൽ പൂക്കിപ്പറമ്പിലെ അവസ്ഥ വിപരീതമാണ്. അണ്ടർപാസിന്റെ പ്രവൃത്തി മെല്ലെപോക്ക് ആയതിനാൽ വ്യാപാരികൾക്കും യാത്രക്കാർക്കും ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണ്. പൂക്കിപ്പറമ്പിലെ തെന്നല റോഡിലേക്ക് പ്രവേശിക്കേണ്ടവർ കോഴിച്ചെന കണ്ടംചിറ മൈതാനം എത്തി അവിടെനിന്ന് വേണം തിരിഞ്ഞു വരാൻ. ഇതിനാൽ തന്നെ വ്യാപാരം പകുതിയോളം കുറഞ്ഞതായി വ്യാപാരികൾ അറിയിച്ചു. കച്ചവടക്കാർ കടുത്ത പ്രയാസത്തിലാണിവിടെ. മാത്രവുമല്ല ചുറ്റിത്തിരിഞ്ഞുള്ള യാത്ര ഒഴിവാക്കാൻ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ സമാന്തര പാതയിലൂടെ വൺവേ തെറ്റിച്ചു വരുന്നതിനാൽ അപകടവുമേറെയാണ്. അധ്യയന വർഷം ആരംഭിക്കാനിരിക്കെ ആയിരക്കണക്കിന് കുട്ടികളുള്ള വാളക്കുളം സ്കൂളിലേക്ക് വിദ്യാർഥികളുടെയും അധ്യാപകരുടെയും യാത്രയും ദുഷ്കരമാകും. അണ്ടർപാസിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്നുള്ള പ്രതീക്ഷയിലാണ് യാത്രക്കാരും വ്യാപാരികളും. എന്നാൽ അണ്ടർപാസിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്നും പെട്ടെന്ന് തന്നെ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്നും ദേശീയപാത ലൈസൺ ഓഫിസർ അഷ്റഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.