തിരൂരങ്ങാടി: ആർ.എസ്.ബി.വൈ ഫണ്ട് യഥാസമയം ലഭ്യമാവാത്തതുമൂലം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം കടുത്ത പ്രയാസത്തിൽ. സംസ്ഥാന ആരോഗ്യ ഏജൻസിയിൽനിന്ന് ആർ.എസ്.ബി.വൈയുടെ കുടിശ്ശിക ഇനത്തിൽ വന്ന മൂന്നേകാൽ കോടിയോളം രൂപ ലഭ്യമാകാത്തതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.
ഇതിനാൽ, ലക്ഷങ്ങളുടെ കടബാധ്യതയിലൂടെയാണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. കൂടാതെ തുടർപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ഏറെ പ്രയാസം അനുഭവിക്കുന്നതായി തിരൂരങ്ങാടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി.പി. ഇസ്മായിൽ പറഞ്ഞു.
ഓപറേഷൻ തിയറ്ററിലേക്കുള്ള ഉപകരണം, ലാബിലേക്ക് ആവശ്യമായ റീ ഏജന്റ് കിറ്റുകൾ, എക്സ്റേ ഫിലിമുകൾ, മരുന്ന് വാങ്ങൽ, ഡയാലിസിസ് യൂനിറ്റിന്റെ പ്രവർത്തനം, ശമ്പളം തുടങ്ങി നിരവധി അത്യാവശ്യ കാര്യങ്ങൾ ഫണ്ടിന്റെ അപര്യാപ്തതമൂലം പ്രതിസന്ധിയിലാണ്.
നിലവിൽ മരുന്ന് വാങ്ങിയ ഇനത്തിൽ 12 ലക്ഷത്തോളം രൂപയും എട്ട് ലക്ഷം രൂപ ശമ്പള ഇനത്തിലും ലാബ്, ഓപറേഷൻ തിയറ്റർ, എക്സ്റേ തുടങ്ങിയ ഇനങ്ങളിൽ ഉപകരണങ്ങൾ വാങ്ങിയതുൾപ്പെടെ 50 ലക്ഷത്തോളം രൂപയുടെ കടബാധ്യത നിലനിൽക്കുന്നുണ്ട്. കാൽമുട്ട് മാറ്റിവെക്കൽ, ഇടുപ്പ് ശസ്ത്രക്രിയ എന്നിവ നേരത്തേ നിർത്തലാക്കിയിരുന്നു. പ്രസ്തുത ശസ്ത്രക്രിയകൾക്ക് ആവശ്യമായ ഉപകരണം വിതരണം ചെയ്യുന്ന ഏജൻസികൾക്ക് ഫണ്ട് ലഭ്യമാവാത്തതുമൂലം ഉപകരണങ്ങളുടെ വിതരണം കമ്പനി നിർത്തിയതാണ് മുടങ്ങാൻ
കാരണമായത്.
ആർ.എസ്.ബി.വൈ ഫണ്ട് യഥാസമയം ആശുപത്രി അക്കൗണ്ടിലേക്ക് ലഭിക്കാത്തതുമൂലം എച്ച്.എം.സി ഫണ്ടിൽനിന്ന് കടമെടുത്ത 15 ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ കഴിയാതിരുന്നതുകൊണ്ട് എച്ച്.എം.സി പ്രവർത്തനവും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
നിലവിൽ പല സ്വകാര്യ ആശുപത്രികൾക്കും പണം ലഭ്യമാകാത്തതിനാൽ ഇൻഷുർ കാർഡുകൾ സ്വീകരിക്കുന്നത് നിർത്തിയത് ഡയാലിസിസ് ചെയ്യുന്ന കിഡ്നി രോഗികൾ ഉൾപ്പെടെ നിരവധി പേരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
നിലവിലെ പ്രതിസന്ധി മറികടക്കാൻ കുടിശ്ശിക ഇനത്തിൽ ലഭ്യമാവേണ്ട തുകയുടെ പകുതിയെങ്കിലും ആശുപത്രി അക്കൗണ്ടിലേക്ക് ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. അല്ലാത്തപക്ഷം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനമടക്കം മുടങ്ങുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.