തിരൂരങ്ങാടി: കക്കാട് ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാവുന്നു. ദേശീയപാതയോരത്ത് നിർമാണ കമ്പനി സ്ഥാപിച്ച അശാസ്ത്രീയമായ ഡിവൈഡറാണ് ഭീഷണിയാകുന്നത്. ദേശീയപാത നിർമാണ ഭാഗമായി മൂന്നുദിവസം മുമ്പാണ് ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചത്.
കാഴ്ച മറയുന്ന രൂപത്തിലുള്ള ഡിവൈഡർ എതിർ ദിശയിൽനിന്നുള്ള വാഹനങ്ങളെ കാണാൻ തടസ്സമാകുന്നതിനാലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. മൂന്ന് ദിവസത്തിനിടെ 15ഓളം അപകടങ്ങളാണ് ഇവിടെ നടന്നത്. ഇരുചക്രവാഹനങ്ങൾ, കാറുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവയാണ് നിരന്തരമായി അപകടത്തിൽപ്പെടുന്നത്. കനത്ത മഴയിലും സന്ധ്യാസമയത്തുമാണ് അപകടങ്ങൾ കൂടുതലും. ഡിവൈഡറുകളുടെ ഉയരം കുറച്ചോ ഇടയിലെ അകലം കൂട്ടുകയും ചെയ്താലോ അപകടങ്ങൾ ഒരുപരിധി വരെ കുറക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അശാസ്ത്രീയ ഡിവൈഡറിനെതിരെ തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്കൽ നിർമാണ കമ്പനിയായ കെ.എൻ.ആർ.സിക്ക് പരാതി നൽകി. കക്കാട്ടുള്ള ഓട്ടോ തൊഴിലാളി ഗഫൂർ ജില്ല കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ഡിവൈഡർ ഉടനടി മാറ്റുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.