തിരൂരങ്ങാടി: നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് പ്രോത്സാഹനമായി വിഷുക്കണി കിറ്റും സദ്യക്കുള്ള വിഭവങ്ങളും നൽകി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പുതിയ മാതൃക. കനത്ത ചൂടും റമദാൻ നോമ്പും വിഷുവുമെല്ലാം കാരണം നിരത്തിൽ അപകട സാധ്യതയേറുന്നതിനിടെയാണ് നിയമം പാലിക്കാൻ യാത്രക്കാർക്ക് പ്രചോദനമാകുന്നതിന് ഇത്തരത്തിലുള്ള ബോധവത്കരണം. കണിക്കൊന്ന, കണിവെള്ളരി, മാങ്ങ, പൈനാപ്പിൾ, നാളികേരം, പട്ട്, പഴം, മറ്റു പഴവർഗങ്ങൾ തുടങ്ങി വിഷുവിന് കണി കാണാനുള്ള വിവിധ വിഭവങ്ങളും സദ്യക്കുള്ള അരി, പായസം കിറ്റ്, പച്ചക്കറികൾ എന്നിവയാണ് സമ്മാനമായി നൽകിയത്.
തിരൂരങ്ങാടി ജോയൻറ് ആർ.ടി.ഒ എസ്.എ ശങ്കരൻ പിള്ള, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.കെ. പ്രമോദ് ശങ്കർ, പി.എച്ച്. ബിജുമോൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ. സന്തോഷ് കുമാർ, വി.കെ. സജിൻ എന്നിവരുടെ നേതൃത്വത്തിലാണ് പൂക്കിപ്പറമ്പ്, കക്കാട്, കോട്ടക്കൽ, ചേളാരി, പരപ്പനങ്ങാടി, എടരിക്കോട് തുടങ്ങി വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് സമ്മാനങ്ങൾ നൽകിയത്. റോഡിൽ വാഹനാപകടങ്ങൾ കുറക്കുന്നതിന് വരുംദിവസങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജോയൻറ് ആർ.ടി.ഒ എസ്.എ. ശങ്കരൻ പിള്ള പറഞ്ഞു.
കോവിഡിൽ പ്രതിസന്ധിയിലായ നിരവധി വാഹന യാത്രക്കാർക്ക് സൗജന്യ വാഹന പുക പരിശോധനയും വാഹനങ്ങളിലേക്ക് ആവശ്യമായ സാനിറ്റൈസർ മാസ്ക് എന്നിവ നൽകിയും സൗജന്യ ഹെൽമറ്റ് നൽകിയും തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.