തിരൂരങ്ങാടി: മഴ തിമിർത്ത് പെയ്ത് കുളവും വയലും കർഷകരുടെ മനവും നിറയേണ്ട സമയത്ത് കുളവും വയലും വറ്റിവരണ്ടതിനാൽ കടുത്ത ആശങ്കയിലാണ് വെഞ്ചാലിയിലെ കർഷസമൂഹം. ഡിസംബർ, ജനുവരി മാസങ്ങളിൽ വിളവിറക്കി നൂറുമേനി നേടാമെന്ന കർഷകരുടെ കണക്കുകൂട്ടൽ പിഴച്ചിരിക്കുകയാണ്. വരുംനാളിലേക്ക് വെള്ളം ശേഖരിക്കേണ്ട കാപ്പെല്ലാം വറ്റിവരണ്ടതിനാൽ കർഷകർ കടുത്ത നിരാശയിലാണ്. ഉമ, ജ്യോതി, ഐശ്വര്യ, ത്രിവേണി, കാഞ്ചന തുടങ്ങിയ വിത്തിനങ്ങൾ വിളവെടുപ്പ് നടത്താൻ കഴിയാത്ത അവസ്ഥയാണെന്ന് വെഞ്ചാലിയിലെ യുവകർഷകൻ മാലിക് കുന്നത്തേരി പറഞ്ഞു.
മഴ പാടെ വിട്ടുനിന്നതിനാൽ കടുത്ത മാനസിക സംഘർഷത്തിലാണ് കർഷകർ. ഡിസംബറിൽ വിളവെടുപ്പ് നടത്തിയാൽ തന്നെ പിന്നീട് മഴ ശക്തമായാൽ വിത്തിറക്കിയ പാടം വെള്ളം നിറഞ്ഞ് വിള നശിക്കുമെന്ന ആശങ്കയുമുണ്ട്. തൊണ്ണൂറു ദിവസം മുതൽ നൂറ്റിമുപ്പത് ദിവസം വരെയാണ് പല വിളകളുടെയും വിളവെടുക്കേണ്ട കാലാവധി.
ഡിസംബർ, ജനുവരി മാസങ്ങളിൽ മഴ പെയ്താൽ രൂക്ഷമായ വെള്ളക്കെട്ട് നേരിടുമെന്ന് കർഷകർ പറഞ്ഞു. വെഞ്ചാലിയിലെ കർഷകരുടെ നിരന്തര ആവശ്യമാണ് കാപ്പ് മുതൽ ഓൾഡ് കട്ട് വരെയുള്ള തോട് നവീകരിക്കുകയെന്നത്. എന്നാൽ, ഈ തോടിന്റെ അതിർത്തി പങ്കിടുന്ന തിരൂരങ്ങാടി നഗരസഭയോ നന്നമ്പ്ര പഞ്ചായത്തോ നടപടി സ്വീകരിക്കാത്തതിനാൽ വെഞ്ചാലിയിലെ കർഷകർ കടുത്ത അമർഷത്തിലാണ്. തോടിന്റെ ഇരുഭാഗങ്ങളിലുമുള്ള കരയിലെ മണ്ണിടിഞ്ഞും, കുലവാഴകൾ നിറഞ്ഞും തൂർന്നത് വെള്ളത്തിന്റെ വരവിനെ ബാധിക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടി.
വായ്പയെടുത്തും കടം വാങ്ങിയും വിത്തിറക്കുന്ന കർഷകരെ മഴയുടെ പ്രതികൂലാവസ്ഥയും കാപ്പ് ഓൾഡ് കട്ട് വരെയുള്ള തോടിന്റെ ശോച്യാവസ്ഥയും തെല്ലൊന്നുമല്ല ദുരിതത്തിലാക്കുന്നത്. എന്നാലും വിത്തിറക്കാൻ തയാറെടുക്കുകയാണ് വെഞ്ചാലിയിലെ കർഷകരിപ്പോഴും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.