തിരൂരങ്ങാടി: മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടറുകൾ പൊക്കുന്നതിനു വേണ്ടി ലക്ഷങ്ങൾ മുടക്കി നിർമിച്ച ജനറേറ്ററും അനുബന്ധ ഉപകരണങ്ങളും നോക്കുകുത്തിയായി നിൽക്കുന്നു. കൂര നിർമിച്ച് അതിനുള്ളിൽ ജനറേറ്റർ സ്ഥാപിച്ചെങ്കിലും പണി പൂർത്തീകരിക്കാനോ ജനറേറ്റർ പൂർണ അർഥത്തിൽ പ്രവർത്തന സജ്ജമാക്കാനോ അധികാരികൾ ശ്രമം നടത്താത്തതിനാൽ കാടുമൂടി കിടക്കുകയാണ്. കഴിഞ്ഞ ആഴ്ച അണക്കെട്ടിന്റെ ഷട്ടറുകൾ പൊക്കാനായി ജനറേറ്റർ പുറത്തുനിന്ന് വാടകക്കെടുത്താണ് പ്രവൃത്തി നടത്തിയത്.
ഇതിനാൽ, പരിസരവാസികൾക്കിടയിൽ കടുത്ത അമർഷം പുകഞ്ഞിരുന്നു. ലക്ഷങ്ങൾ മുടക്കി ജനറേറ്റർ സ്ഥാപിച്ചെങ്കിലും വാടകക്കെടുത്ത ജനറേറ്റർ പ്രവർത്തിച്ചതിൽ സർക്കാറിനുള്ള ധനനഷ്ടത്തിന് ഉദ്യോഗസ്ഥർ മറുപടി പറയണമെന്ന് ഡാം സംരക്ഷണ സമിതി കൺവീനർ കടവത്ത് മൊയ്തീൻകുട്ടി കുറ്റപ്പെടുത്തി. നിലവിൽ സ്ഥാപിച്ച ജനറേറ്റർ ഉപയോഗിക്കാത്തതിനാൽ നശിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, പരിസരത്ത് കാടുമൂടിക്കിടന്ന് ഇഴജന്തുക്കളുടെ താവളം ആയിരിക്കുകയാണ്. ഇറിഗേഷൻ മെക്കാനിക് വിഭാഗം പണിപൂർത്തീകരിച്ച് കൈമാറിയാലേ ജനറേറ്റർ ഉപയോഗിക്കാനാവൂ എന്നും മുടങ്ങിക്കിടക്കുന്ന ജനറേറ്റർ ഇറിഗേഷൻ മെക്കാനിക് വിഭാഗം എത്രയുംപെട്ടെന്ന് പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നതെന്നും തിരൂരങ്ങാടി ഇറിഗേഷൻ അധിക ചുമതലയുള്ള അസി. എൻജിനീയർ യു.വി. ഷാജി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.