തിരൂരങ്ങാടി: കഴിഞ്ഞദിവസത്തെ മിന്നലിൽ തിരൂരങ്ങാടി മേഖലയിൽ നിരവധി വീടുകളിൽ നാശനഷ്ടം. ഈ പ്രദേശങ്ങളിൽ ഏറെനേരം വൈദ്യുതി ബന്ധം തകരാറിലായി. വീടുകളിലെ ഫാൻ, ഇൻവെർട്ടർ, മറ്റു വൈദ്യുതി സാധനങ്ങൾ, ഇലക്ട്രിക് മീറ്റർ എന്നിവ പൂർണമായി നശിച്ചു. എ.ആർ നഗർ പഞ്ചായത്തിലെ മമ്പുറത്ത് നാലു വീടുകളിലുള്ള വൈദ്യുതി മീറ്റർ പൂർണമായും കത്തിനശിച്ചു.
തിരൂരങ്ങാടി കെ.സി. റോഡിൽ നാലുവീടുകളിൽ നഷ്ടം സഭവിച്ചു. കരാടൻ അബ്ദുറഹ്മാന്റെ വീട്ടിലെ എട്ട് ഫാൻ, വീടിന്റെ മുകൾഭാഗത്ത് അലമാര സെറ്റ് ചെയ്ത ഭാഗത്ത് ചുമരിന് മിന്നലേറ്റ് പൊട്ടി കോൺക്രീറ്റ് അടർന്നു. തൊട്ടടുത്ത പി.കെ. അബ്ദുൽ റസാക്കിന്റെ വീട്ടിലെ ഇൻവെർട്ടറിന് കേടുപാട് സംഭവിച്ചു. എ.കെ. മജീദിന്റെ വീട്ടിലെ നാല് ഫാൻ, ഇൻവെർട്ടർ, വൈഫൈ മോഡം, തൊട്ടടുത്ത വീട്ടിലെ എൻ.പി. മുസ്തഫയുടെ വീട്ടിലെ ഇൻവെർട്ടർ എന്നിവ കത്തിനശിച്ചു. കല്ലുപറമ്പൻ മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മീറ്റർ പൂർണമായും കത്തി. വിവിധ ഇടങ്ങളിൽ വൻമരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.
പരപ്പനങ്ങാടി: കനത്ത കാറ്റിലും മഴയിലും തെങ്ങ് മറിഞ്ഞുവീണ് വീട്ടിന്റെ അടുക്കളഭാഗം പാടെ തകർന്നു. ചെട്ടിപ്പടി ഡിവിഷൻ ആറിലെ പി. അബ്ദുറഹിമാന്റെ വീടിന് മുകളിലാണ് സമീപ പറമ്പിലെ തെങ്ങ് മറിഞ്ഞു വീണത്. ഈ സമയത്ത് വൈദ്യുതി ലൈനും അറ്റുവീണത് പരിഭ്രാന്തി പരത്തി.
പരപ്പനങ്ങാടി: മിന്നലേറ്റ് മത്സ്യബന്ധന ഉപകരണങ്ങൾ തകർന്നു. ചെട്ടിപ്പടിക്കടുത്തെ കൊങ്ങന്റെ ചെറുപുരക്കൽ ഫൗറാസിന്റെ ഉടമസ്ഥതയിലുള്ള ‘തക്ബീർ’ വള്ളത്തിന്റെ എക്കോ സൗണ്ടിങ് സിസ്റ്റം, വയർലെസ് ഉപകരണം, സാങ്കേതിക ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. മതിയായ നഷ്ടപരിഹാരം ദുരിതാശ്വാസമായി നൽകി മത്സ്യബന്ധനത്തിന് സൗകര്യം ചെയ്തുകൊടുക്കണമെന്ന് ചെട്ടിപ്പടി തീരത്തെ മുനിസിപ്പൽ കൗൺസിലർ കെ.സി. നാസർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.