തിരൂർ: തിരൂർ ജി.എം.യു.പി സ്കൂളിൽ നവീകരിച്ച ഇന്റർനാഷനൽ പ്രീ പ്രൈമറി സ്കൂൾ തിങ്കളാഴ്ച നാടിന് സമർപ്പിക്കും. എസ്.എസ്.കെ കേരളയുടെ സ്റ്റാർസ് പദ്ധതി പ്രകാരം ലഭിച്ച 10 ലക്ഷം രൂപയും പി.ടി.എയുടെ നേതൃത്വത്തിൽ നാട്ടുകാരിൽനിന്നും രക്ഷിതാക്കളിൽനിന്നും ശേഖരിച്ച സാമ്പത്തിക സഹായവും ഉപയോഗിച്ച് നവീകരിച്ച പ്രീ സ്ക്കൂൾ കായികമന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ചിൽഡ്രൻസ് പാർക്ക് നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ ഉദ്ഘാടനം ചെയ്യും. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യു. സൈനുദ്ദീൻ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ സ്ക്കൂൾ പ്രധാനാധ്യാപകൻ വി. ലതീഷ്, പി.ടി.എ പ്രസിഡന്റ് സലീം മേച്ചേരി, എം.ടി.എ പ്രസിഡന്റ് കെ.പി. മിനി, സ്റ്റാഫ് സെക്രട്ടറി സിബി ജോർജ് പ്രീ പ്രൈമറി ചുമതലയുള്ള അധ്യാപകൻ എം. ഫസലുറഹ്മാൻ, പ്രീ പ്രൈമറി അധ്യാപിക കെ.സി. സാജിത എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തിരൂർ: വിദ്യാർഥികൾക്ക് കളിച്ച് പഠിക്കാനൊരുങ്ങി തിരൂർ ജി.എം.യു.പി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസ് മുറികൾ. കുട്ടികൾക്ക് പാർക്കുകളിൽ കയറുന്ന പ്രതീതി ഉണ്ടാക്കുന്ന റാമ്പ് വിമാനമാണ് ക്ലാസുകളിലേക്കുള്ള പ്രവേശന കവാടമായി സജ്ജീകരിച്ചത്. ഭിന്നശേഷി വിദ്യാർഥികൾക്ക് പോലും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് റാമ്പ് വിമാനം.
ക്ലാസ് മുറിയിൽ സംവിധാനിച്ചിരുക്കുന്ന ഓരോ വസ്തുക്കളും പ്രദർശനത്തിനുപരിയായി പ്രവൃത്തനയിടങ്ങൾ കൂടിയാണ്. മരത്തിൽ പണിത സ്മാർട്ട് സ്റ്റൂളുകൾ അനായാസം ചലിപ്പിക്കാനും കുട്ടികളുടെ വസ്തുക്കൾ സൂക്ഷിക്കാനുള്ള ഇടമായും ഇവകൾ ഒരുമിച്ച് ചേർത്ത് വെച്ചാൽ സ്റ്റേജായും ഉപയോഗിക്കാനാകും. അതിനുപുറമെ ഈ സ്റ്റൂളുകളിൽ കുട്ടികൾ ബാക്ക് സപ്പോർട്ടോടുകൂടി ഇരിക്കാനുമാകും.
സാധാരണ ഉപയോഗങ്ങൾക്ക് പുറമെ ആകർഷണീയമായ വിവിധ കളറുകളിൽ മടക്കിവെക്കാവുന്നതും വഴി കണ്ടെത്താനും എണ്ണം പഠിക്കാനും കഴിയുന്ന വിധത്തിൽ രൂപപ്പെടുത്തിയ സ്മാർട്ട് ടേബിളാണ് മുറിയിലെ മറ്റൊരു ആകർഷണീയ വസ്തു.
ചോക്കപ്പൊടിയുടെ അലർജിയില്ലാതാക്കുന്നതും ആവശ്യാനുസരണം ചലിപ്പിക്കാവുന്ന തരത്തിൽ ടയറുകൾ ഘടിപ്പിച്ച വിധത്തിലാണ് റോളിങ് വൈറ്റ് ആൻഡ് ഗ്രീൻ ബോർഡുകൾ നിർമിച്ചിട്ടുള്ളത്.
സ്മാർട്ട് ബോർഡ്, റോളിങ് സ്ക്രീൻ, പാവനാടക അരങ്ങ്, സ്മാർട്ട് കർട്ടൺ, സ്മാർട്ട് ചപ്പൽ സ്റ്റോറേജ്, ആവശ്യം കഴിഞ്ഞാൻ മടക്കി സൂക്ഷിക്കാവുന്ന വിധത്തിൽ ക്ലാസ് മുറിയിൽ സജ്ജീകരിച്ച മണലിടം, മൂവബിൾ ഇന്റേർ ബാസ്കറ്റ് ബോൾ ഗ്രൗണ്ട് കൂടാതെ സിറ്റിങ് മെറിഗോ റൗണ്ട്, സ്റ്റാൻഡിങ് മെറിഗോ റൗണ്ട്, സ്പ്രിങ് റൈഡറുകൾ മൂന്നെണ്ണം, മങ്കിബാർ, ക്ലൈബിങ് നെറ്റ്, ഊഞ്ഞാൽ, ഉൾകൊള്ളുന്ന പുറം കളിയിടം, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 13 ടോയ്ലറ്റുകളും 13 വാഷ് ബെയ്സിനുകളുമുൾപ്പടെയുള്ള സംവിധാനങ്ങളാണ് കുരുന്നുകൾക്കായി കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.