തിരൂരങ്ങാടി: തപാൽ വകുപ്പിലെ സോഫ്റ്റ്വെയറിലെ തകരാർ കാരണം മദ്റസ അധ്യാപക ക്ഷേമനിധിയിൽ വിഹിതം അടക്കാനാവാതെ അധ്യാപകർ. ഏതാനും ദിവസമായി സംസ്ഥാനത്തെ ഒരു പോസ്റ്റ് ഓഫിസിലും മദ്റസ അധ്യാപക ക്ഷേമനിധി വിഹിതം സ്വീകരിക്കുന്നില്ല. സൈറ്റ് ലഭിക്കുന്നില്ല എന്നാണ് പോസ്റ്റ് ഓഫിസിൽനിന്ന് ലഭിക്കുന്ന മറുപടി. പണം അടക്കാനായി ക്ഷേമനിധി അംഗങ്ങൾ പോസ്റ്റ് ഓഫിസിൽ എത്തുമ്പോഴാണ് ഇത് അറിയുന്നത്.
പരിഹരിക്കാൻ ഒരാഴ്ചയെങ്കിലും പിടിക്കുമെന്നാണ് പറയുന്നത്. പ്രതിമാസം 100 രൂപ എന്ന തോതിൽ മൂന്നു മാസത്തിൽ 300 രൂപ എന്ന കണക്കിലാണ് അടക്കേണ്ടത്. ചിലർ സൗകര്യാർഥം അതിലും കൂടുതൽ മാസങ്ങളിലേക്കായി മുൻകൂറായും അടക്കാറുണ്ട്.
കാലാവധി തെറ്റിയാൽ പിഴയും കൂടുതൽ തെറ്റിയാൽ അംഗത്വം നഷ്ടപ്പെടുകയും ചെയ്യുമെന്നതിനാൽ സംസ്ഥാന മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് അധികൃതർ ഇക്കാര്യം തപാൽ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
പുതിയ സോഫ്റ്റ്വെയർ തുടങ്ങി ഉടൻ ഇത് പരിഹരിക്കുമെന്ന് തപാൽ വകുപ്പ് അറിയിച്ചതായി ക്ഷേമനിധി ഓഫിസിൽനിന്ന് അറിയിച്ചു. മറ്റ് ക്ഷേമനിധികൾ ബാങ്കുകൾ വഴിയാണ് വിഹിതം അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, മദ്റസ അധ്യാപക ക്ഷേമനിധി പലിശയിൽനിന്ന് മുക്തമാക്കണമെന്ന ആവശ്യത്തെ തുടർന്നാണ് പോസ്റ്റ് ഓഫിസുകളിൽ വിഹിതം അടക്കാനുള്ള സൗകര്യം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.