തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്ന വിദ്യാർഥികൾ സൂക്ഷിക്കുക, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്നാലെയുണ്ട്. കോട്ടക്കൽ കോളജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികൾ രൂപമാറ്റം വരുത്തി കറങ്ങിയ ജീപ്പാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കോട്ടക്കലിൽനിന്ന് കസ്റ്റഡിയിലെടുത്തത്. സ്കൂൾ-കോളജ് പരിസരങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും നടത്തിയ പരിശോധനക്കിടെയാണ് വിദ്യാർഥികൾ പിടിയിലായത്.
നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും ടയറുകളിൽ രൂപമാറ്റം വരുത്തിയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകൾ വെച്ചും വിവിധ തരത്തിലുള്ള രൂപമാറ്റമാണ് വരുത്തിയത്. വാഹനത്തിന്റെ ആർ.സി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വാഹനം പഴയപടിയാക്കി കാണിക്കാൻ നിർദേശിക്കുകയും ചെയ്തു.
തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നിർദേശപ്രകാരം എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, എൻ. ബിജു എന്നിവരുടെ നേതൃത്വത്തിൽ കക്കാട്, കോട്ടക്കൽ, തിരൂരങ്ങാടി, പൂക്കിപ്പറമ്പ്, ചേളാരി മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പെർമിറ്റ്, ഫിറ്റ്നസ്, ഇൻഷുറൻസ് എന്നി ഇല്ലാതെ സ്കൂൾ വിദ്യാർഥികളെ കയറ്റിക്കൊണ്ടുപോയ നാല് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.
ഈ വാഹനത്തിലെ വിദ്യാർഥികളെ മറ്റൊരു വാഹനത്തിൽ ഉദ്യോഗസ്ഥർ തന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. വരുംദിവസങ്ങളിൽ സ്കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ചും ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചും കർശന പരിശോധന തുടരുമെന്ന് ജോയന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.