തിരൂരങ്ങാടി: ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ടായി ഡോ. പ്രഭുദാസ് ചുമതലയേറ്റു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ആശുപത്രിയിലെത്തി ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാറിനെതിരെ വിമര്‍ശനം നടത്തിയതിെൻറ പേരിലാണ് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിയമിച്ചത്. ആരോഗ്യ മന്ത്രിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണസൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിെൻറ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന.
ഒന്നര വര്‍ഷമായി ആശുപത്രിയില്‍ സൂപ്രണ്ടിെൻറ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട്. താല്‍ക്കാലിക ചുമതല ഡോ. നസീമക്കായിരുന്നു. ഏക കണ്ണ് ഡോക്ടര്‍ സൂപ്രണ്ടിെൻറ ചുമതല വഹിക്കാന്‍ തുടങ്ങിയതോടെ കണ്ണുരോഗ ചികിത്സ ആശുപത്രിയില്‍ പൂര്‍ണമായി നിലച്ചിരുന്നു. തീരുമാനം എടുക്കുന്നതിന് സ്ഥിരം സൂപ്രണ്ടിെൻറ അഭാവം ആശുപത്രിയെ പിന്നോട്ടടിച്ചിരുന്നു. നിരവധി പരാതികള്‍ക്കൊടുവിലാണ് ആശുപത്രിക്ക് സൂപ്രണ്ടിനെ ലഭിക്കുന്നത്. ഇന്നലെ രണ്ടാം ശനിയും ഇന്ന് ഞായറും ആയതിനാല്‍ തിങ്കളാഴ്ചയേ അദ്ദേഹം ഉണ്ടാകൂ എന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. ചുമതല ഏല്ക്കാന് വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി. ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബൊക്കെ നല്കി സ്വീകരിക്കുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു.
സര്‍ക്കാറിെൻറ തെറ്റായ നടപടി ചോദ്യം ചെയ്തതിലും ഒന്നര വര്‍ഷമായി സൂപ്രണ്ട് ഇല്ലാതെ താളംതെറ്റിയിരുന്ന ആശുപത്രിയില്‍ സൂപ്രണ്ട് എത്തിയതിലുമാണ് ലഡു വിതരണമെന്ന് തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖ് പറഞ്ഞു. കൗൺസിലര്‍മാരായ ജാഫര്‍ കുന്നത്തേരി, അഹമ്മദ് കുട്ടി കക്കടവത്ത്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം പ്രസിഡൻറ് പി. അലി അക്ബര്‍, ട്രഷറര്‍ അനീസ് കൂരിയാടന്‍, സി.എച്ച്. അബൂബക്കര്‍ സിദ്ദീഖ്, കെ. മുഈനുല്‍ ഇസ്ലാം, അയ്യൂബ് തലാപ്പില്‍, അലി കുന്നത്തേരി എന്നിവരും നേതൃത്വം നല്കി.
ആശുപത്രിയുടെ വികസന സ്വപ്നങ്ങള്‍ക്ക് സ്ഥിരം സൂപ്രണ്ടിനെ ലഭിച്ചതിലൂടെ വേഗം ലഭിക്കുന്ന ആശ്വാസത്തിലാണ് തിരൂരങ്ങാടി നഗരസഭയും എച്ച്.എം.സിയും. മലിനജലത്തിന് ശാശ്വതപരിഹാരം കാണുമെന്നും കോവിഡ് ടെസ്റ്റ് പുനരാരംഭിക്കുമെന്നും താലൂക്ക് ആശുപത്രിയുടെ ഉന്നതിക്കും ജനങ്ങള്‍ക്ക് നല്ല ചികിത്സ ഉറപ്പ് വരുത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ചുമതലയേറ്റ ശേഷം ഡോ. പ്രഭുദാസ് പറഞ്ഞു. സ്റ്റാഫുകളുടെ ഹാജർ രജിസ്റ്റര്‍ പരിശോധിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.