തിരൂരങ്ങാടി: ജില്ലയിൽ ഏറ്റവും തിരക്കുള്ള തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫിസിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് മൂലം നട്ടംതിരിഞ്ഞ് പൊതുജനം. നികുതി ഇനത്തിലും മറ്റും അധിക വരുമാനമുള്ള ഓഫിസിൽ ഏഴ് എക്സിക്യൂട്ടിവ് ജീവനക്കാർ വേണ്ടിടത്ത് മൂന്നുപേർ മാത്രമാണുള്ളത്. രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്. രണ്ടുപേർ ഉണ്ടായിരുന്ന സമയത്ത് 120 പേർക്കാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാൽ, രണ്ടുമാസത്തോളമായി ഒരാൾ മാത്രം ഉള്ളതുകൊണ്ട് 120 പേർക്ക് നടത്തേണ്ട സ്ഥാനത്ത് 60 പേർക്ക് മാത്രമാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. എന്നാൽ, ഓരോ ദിവസവും 120 പേർക്ക് മാസങ്ങൾക്കുമുമ്പ് ഓൺലൈൻ വഴി ഡ്രൈവിങ് ടെസ്റ്റിന് തീയതി അനുവദിച്ചതാണ്. അതിൽ 60 പേർക്ക് മാത്രം നടത്തുന്നതുകൊണ്ട് ബാക്കിയുള്ള 60 പേർ ടെസ്റ്റ് ഗ്രൗണ്ടിൽ രാവിലെ എത്തി ടെസ്റ്റ് നടത്താതെ തിരിച്ചുപോകുന്ന അവസ്ഥയാണ്. ഇത്തരത്തിൽ മടങ്ങിപ്പോകുന്ന ആളുകൾക്ക് എന്ന് ടെസ്റ്റ് നടത്തുമെന്ന് ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകാനും സാധിക്കുന്നില്ല. ഇത് കാരണം പലരും ദിവസവും വന്നു മടങ്ങിപ്പോകുന്ന അവസ്ഥയാണ്.
തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നവർക്കും ഇതര സംസ്ഥാനങ്ങളിൽ പഠനത്തിന് പോകുന്ന വിദ്യാർഥികൾക്കും ടെസ്റ്റ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ ആയിരുന്ന എം.പി. അബ്ദുൽ സുബൈർ കഴിഞ്ഞ മേയ് 31ന് വിരമിച്ച ഒഴിവിലേക്ക് ഇതുവരെ ആളെ നിയമിച്ചിട്ടില്ല. എം.വി.ഐക്ക് അധിക ചുമതല കൊടുത്തിരുന്നെങ്കിലും അദ്ദേഹം ദീർഘനാളത്തെ അവധിക്ക് പോയിരിക്കുകയാണ്. അതോടൊപ്പം നാല് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വേണ്ട സ്ഥാനത്ത് രണ്ടുപേർ മാത്രമാണുള്ളത്. ഇത് കാരണം ജീവനക്കാരും പൊതുജനങ്ങളും ഡ്രൈവിങ് പഠിതാക്കളും പ്രയാസപ്പെടുകയാണ്. ലേണിങ് ടെസ്റ്റിന് എത്തുന്നവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ കൃത്യമായി പരിശോധന നടത്താനും ദിവസവും നടത്തേണ്ട ഫിറ്റ്നസ് പരിശോധന, രജിസ്ട്രേഷൻ, ഡ്രൈവിങ് ടെസ്റ്റ് തുടങ്ങിയവ കൃത്യമായി നടത്താനും പൊതുജനങ്ങളുടെ പരാതിക്ക് പരിഹാരം കാണാനും ഉദ്യോഗസ്ഥർക്ക് കൃത്യമായി എത്തിപ്പെടാൻ സാധിക്കുന്നില്ല. കൂടാതെ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങൾ ജോയന്റ് ആർ.ടി.ഒ, എം.വി.ഐ, എ.എം.വി.ഐമാർ എന്നിവരെ കാണാൻ ദിവസങ്ങളോളം ഓഫിസ് കയറിയിറങ്ങേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.