തിരൂരങ്ങാടി: ആധുനിക രീതിയിലുള്ള പുതിയ കാഷ്വാലിറ്റി സ്ഥാപിക്കാനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എക്സ്റേ, ഡയാലിസിസ് യൂനിറ്റ് കെട്ടിടം പൊളിക്കുന്നു. 13.65 കോടി രൂപ ചെലവിൽ ഇനിയിവിടെ പുതിയ കാഷ്വാലിറ്റി കെട്ടിടമുയരും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഈ കെട്ടിട നിർമാണത്തിനായുള്ള ശിലാസ്ഥാപനം നടന്നിരുന്നു.
എന്നാൽ, പഴയ കെട്ടിടം പൊളിച്ചുനീക്കാത്തതിനാൽ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയായിരുന്നു. നിലവിൽ കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന എക്സ്റേ, ഡയാലിസിസ് യൂനിറ്റിലെ ഉപകരണങ്ങൾ രണ്ടുദിവസത്തിനകം പൂർണതോതിൽ മാറ്റിക്കഴിയും.
കഴിയുന്ന മുറക്ക് പഴയകെട്ടിടത്തിന്റെ പൊളി നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഇനിമുതൽ എക്സ്റേ ഇപ്പോൾ ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിലും ഡയാലിസിസ് യൂനിറ്റ് അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന് മുകളിലുമാണ് പ്രവർത്തിക്കുക. പുതിയ കാഷ്വാലിറ്റിയുടെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിൽ വിമർശനം ഉയർന്നിരുന്നു. ദിനേന നൂറുകണക്കിന് രോഗികളും നിരവധി അപകടകേസുകളും വരുന്ന താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം രോഗികൾക്ക് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.