തിരൂരങ്ങാടി: നഗരസഭയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കുടിവെള്ള പദ്ധതി വിപുലീകരണത്തിന്റെ രണ്ടാംഘട്ട പ്രവൃത്തികൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞു. കെ.പി.എ. മജീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള വാട്ടർ അതോറിറ്റി ഉത്തര മേഖല ചീഫ് എൻജിനീയർ ടി.ബി. ബിന്ദു പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. രണ്ടാംഘട്ട പ്രവൃത്തിക്കൾക്കായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 15.56 കോടി രൂപയും സ്റ്റേറ്റ് പ്ലാനിൽനിന്നുള്ള 14.3 കോടി രൂപയുമാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.
നിലവിലെ കുടിവെള്ള പദ്ധതി കാലഹരണപ്പെട്ടതിനാലാണ് അതിന്റെ തുടർച്ചയായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാംഘട്ട പ്രവൃത്തികൾ നടപ്പാക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിലുള്ള കല്ലക്കയം ജലശുദ്ധീകരണ ശാലയിൽനിന്ന് അമ്പലപ്പടിയിലേക്ക് 350 എം.എം.ഡി-1 പമ്പിങ് മെയിൻ സ്ഥാപിക്കും. ട്രാൻസ്ഫോർമർ, പമ്പ് സെറ്റുകൾ, കക്കാട് ഏഴ് ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി നിർമിക്കൽ, ബൂസ്റ്റർ പമ്പ് ഹൗസ്, ഇതിലേക്കുള്ള 300 എം.എം പമ്പിങ് മെയിൻ, തിരൂരങ്ങാടി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി നിലവിലുള്ള വിതരണ ശൃംഖലയിൽനിന്ന് ആയിരത്തോളം കണക്ഷൻ കൊടുക്കുന്ന പ്രവൃത്തികൾ എന്നിവയും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അമ്പലപ്പടിയിലും ചന്തപ്പടിയിലും യഥാക്രമം എട്ട് ലക്ഷം, ഒമ്പത് ലക്ഷം ലിറ്റർ വീതം സംഭരണശേഷിയുള്ള ജലസംഭരണികൾ സ്ഥാപിക്കുന്ന പ്രവൃത്തിയും ഇതിലേക്കുള്ള പ്രധാന പമ്പിങ് മെയിൻ, പ്രധാന വിതരണ ശൃംഖല എന്നിവയുമാണ് സ്റ്റേറ്റ് പ്ലാനിൽ വിഭാവന ചെയ്തിരിക്കുന്നത്. ഈ പ്രവൃത്തിയോടൊപ്പം നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും വിതരണ ശൃംഖല സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ പുതിയ പദ്ധതി മൂന്നാംഘട്ടമായി നടപ്പാക്കാനുള്ള പ്രാഥമിക നടപടികൾ തയാറാക്കുന്നുണ്ട്. പദ്ധതി പൂർത്തീകരിക്കുന്നതോടെ തിരൂരങ്ങാടി നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും ശുദ്ധജലം ലഭ്യമാക്കൻ സാധിക്കും.
ചടങ്ങിൽ മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, നഗരസഭ ഉപാധ്യക്ഷ സുലൈഖ കാലൊടി, കേരള വാട്ടർ അതോറിറ്റി ബോർഡ് അംഗം അഡ്വ. ജോസ് ജോസഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സോന രതീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.പി. ബാവ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൻ സി.പി. സുഹ്റാബി, തിരൂരങ്ങാടി നഗരസഭ സെക്രട്ടറി കെ. നസീം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കേരള വാട്ടർ അതോറിറ്റി ജില്ല സൂപ്രണ്ടിങ് എൻജിനീയർ എസ്. സത്യ വിൽസൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.