തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികളെ നേരിട്ട് പ്രവേശിപ്പിച്ച് തുടങ്ങി. നേരത്തേ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് റഫർ ചെയ്യുന്ന രോഗികളെയാണ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനം ഉണ്ടായിരുന്നത്. നേരിട്ട് ഇവിടെ പ്രവേശനം നൽകേണ്ട എന്നാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നത്. നിയന്ത്രണ വിധേയമായ രോഗികളെയാണ് മെഡിക്കൽ കോളജിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരുന്നത്. ഈ തീരുമാനം മാറ്റിയാണ് നേരിട്ട് താലൂക്ക് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കാൻ തീരുമാനമായത്. കുട്ടികളുടെയും സ്ത്രീകളുടെയും ബ്ലോക്കിൽ മുകളിലെ മൂന്നാം നിലയിലാണ് കോവിഡ് രോഗികൾക്കായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിനായി 40 കിടക്കയുള്ള ബ്ലോക്ക് ആശുപത്രിയിൽ ഒരുക്കി. 20 വീതം പുരുഷന്മാർക്കും സ്ത്രീകൾക്കുമായാണ് ഒരുക്കിയിരിക്കുന്നത്. മുപ്പതോളം കോവിഡ് രോഗികൾ താലൂക്ക് ആശുപത്രിയിൽ നിലവിലുണ്ട്. ഇവിടെ സ്വീകരിക്കുന്നവരിൽ രോഗം കൂടിയവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. മുമ്പ് കോവിഡ് ബ്രിഗേഡിൽ ഉണ്ടായിരുന്നവരിൽനിന്ന് തന്നെയാണ് നിലവിൽ കോവിഡ് സെന്ററിലേക്ക് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ആറ് സ്റ്റാഫ് നഴ്സുമാർ, രണ്ട് ഡോക്ടർമാർ, അഞ്ച് ശുചീകരണ തൊഴിലാളികൾ, ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, ഓക്സിജൻ ടെക്നീഷ്യൻ എന്നിവരാണ് കോവിഡ് സെന്ററിൽ പ്രവർത്തിക്കുന്നത്.
കോവിഡ് രോഗികൾക്കായി വെന്റിലേറ്റർ ഐ.സി.യു പ്രവർത്തിപ്പിക്കാൻ പുതിയ ജീവനക്കാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. എട്ട് കിടക്കയോടുകൂടിയ വെന്റിലേറ്റർ ഐ.സി.യു പ്രവർത്തിക്കാതെ കിടക്കുന്നുണ്ട്. ഇത് പ്രവർത്തിപ്പിക്കാനാണ് നീക്കം. ഇതിലേക്കായി പുതുതായി രണ്ട് ഡോക്ടർ, മൂന്ന് നഴ്സ്, മൂന്ന് അറ്റൻഡർ എന്നിവരെ നിയമിച്ച് ഐ.സി.യു പ്രവർത്തിപ്പിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം. വെന്റിലേറ്റർ ആവശ്യമുള്ളവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് നിലവിൽ ചെയ്യുന്നത്. പുതിയ ജീവനക്കാരെ നിയമിച്ച് ഐ.സി.യു ഉടൻ പ്രവർത്തിപ്പിക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.