തിരൂരങ്ങാടി: രണ്ടു മാസത്തിനിടെ തകർക്കപ്പെട്ടത് തിരൂരങ്ങാടിയിലെ രണ്ടു സ്വാതന്ത്ര്യസമര സ്മാരക ചരിത്ര ശേഷിപ്പുകൾ. താലൂക്ക് ആശുപത്രി വളപ്പിലെ ബ്രിട്ടീഷ് പട്ടാളം നിർമിച്ച കുതിരലായവും മറ്റൊന്ന് ബ്രിട്ടീഷുകാർ തന്നെ നിർമിച്ച ഫലകവുമാണ് അധികൃതർ രണ്ടു മാസത്തിനിടെ നശിപ്പിച്ചത്. 1921 മലബാർ സ്വാതന്ത്ര്യ സമര പോരാട്ടത്തിെൻറ നൂറാം വാർഷികമായ 2021ൽ സമരപോരാട്ടത്തിെൻറ ചരിത്രശേഷിപ്പുകൾ സംരക്ഷിച്ചതിെൻറയല്ല മറിച്ച് നശിപ്പിച്ചതിെൻറ അനുഭവമാണ് തിരൂരങ്ങാടിക്ക് പറയാനുള്ളത്.
ബ്രിട്ടീഷ് പട്ടാളത്തിെൻറ കോടതിയും ജയിലുമായിരുന്ന ഹജൂർ കച്ചേരിക്ക് സമീപമുള്ള ഇന്നത്തെ താലൂക്ക് ആശുപത്രി കോമ്പൗണ്ടിലായിരുന്നു ബ്രിട്ടീഷ് പട്ടാളത്തിെൻറ ക്യാമ്പ്. ഇവിടെയാണ് പിന്നീട് താലൂക്ക് ആശുപത്രി നിർമിക്കുന്നത്. ആശുപത്രിക്ക് പിറകിലായി ചരിത്ര ശേഷിപ്പായി ബാക്കിനിന്നിരുന്നത് കുതിരലായമായിരുന്നു. ഇത് ശോച്യാവസ്ഥയിലായിരുന്നെങ്കിലും ചരിത്ര ശേഷിപ്പായ കുതിരലായം അധികൃതർ സംരക്ഷിച്ചില്ല. രണ്ടു മാസത്തിനിടെ മാലിന്യക്കുഴി നിർമിക്കുന്നതിെൻറ ഭാഗമായാണ് കുതിരലായവും നഗരസഭ -താലൂക്ക് ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയത്.
കൂടാതെ ബ്രിട്ടീഷ് കാലത്ത് നിർമിച്ച മലയാളത്തിലും ഇംഗ്ലീഷിലും തിരൂരങ്ങാടി എന്ന് എഴുതിയ ഫലകവും അധികൃതർ നശിപ്പിച്ചു. അഴുക്കുചാൽ നിർമിക്കുന്നതിെൻറ ഭാഗമായാണ് ബ്രിട്ടീഷ് കാലത്ത് നിർമിച്ച ഈ ചരിത്ര ശേഷിപ്പ് പൊതുമരാമത്ത് വകുപ്പ് നശിപ്പിച്ചത്. ജില്ലയിൽ പല ഭാഗത്തും ഇത്തരത്തിൽ ബ്രിട്ടീഷുകാർ ഫലകങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവശേഷിക്കുന്നവ വിരളമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.