തിരൂര്‍: രണ്ടാമത് വന്ദേഭാരത് എക്സ് പ്രസിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചത് ശക്തമായ പ്രതിഷേധത്തിനൊടുവിൽ. കേരളത്തിന് ആദ്യ വന്ദേഭാരത് അനുവദിച്ചപ്പോള്‍ ജില്ലയിലെ പ്രധാനവും സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വരുമാനവുമുള്ള സ്റ്റേഷനായ തിരൂരിനെ ഒഴിവാക്കിയത് വലിയ എതിർപ്പിനിടയാക്കിയിരുന്നു. ഉദ്ഘാടന ഓട്ടത്തില്‍ തിരൂരില്‍ നിർത്തിയെങ്കിലും പിന്നീട് സ്റ്റോപ് അനുവദിച്ചില്ല. തിരൂരിനോടുള്ള അവഗണനക്കെതിരെ സുപ്രീംകോടതിയിൽ വരെ ഹരജിയെത്തിയിരുന്നു. രണ്ടാമത്തെ വന്ദേഭാരതിനും തിരൂരിന് സ്റ്റോപ് അനുവദിക്കില്ലെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലും രാഷ്ട്രീയപാർട്ടികളുടെയും വിവിധ സംഘടനകളുടെയും യാത്രക്കാരുടെയും പ്രതിഷേധവും റെയില്‍വേ അധികൃതര്‍ മുഖവിലക്കെടുക്കുകയായിരുന്നു.
പുതിയ വന്ദേ ഭാരത് ട്രെയിനിന് ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ് അനുവദിച്ചതായി റെയില്‍വേ അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ ദിനങ്ങളില്‍ ഇതിനായി റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരില്‍ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേഭാരതിന് കൂടി സ്റ്റോപ് അനുവദിക്കണം. അതിന് ശ്രമങ്ങള്‍ തുടരുകയാണെന്നും ഇ.ടി അറിയിച്ചു.
ഏറെ പ്രതീക്ഷയോടെ കേരളം ഏറ്റെടുത്ത വന്ദേഭാരത് ട്രെയിന്‍ കേന്ദ്ര സമ്മാനമായി കാണണമെന്ന് മലബാര്‍ റെയില്‍ യൂസേഴ്സ് ഫോറം. നടപടി സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്ന് ഫോറം ചെയര്മാന് മുനീര്‍ കുറുമ്പടി, ജനറല്‍ കണ്‍വീനര്‍ എം.സി. മനോജ് കുമാര്‍ എന്നിവര്‍ പറഞ്ഞു. ജില്ലയില്‍ നിര്‍ത്താതെ പോവുന്ന മുഴുവന്‍ ട്രെയിനുകള്‍ക്കും തിരൂരില്‍ സ്റ്റോപ് അനുവദിക്കാന്‍ കക്ഷി രാഷ്ട്രീയം മറന്ന് ഇടപെടല്‍ ശക്തമാക്കണമെന്ന് റെയില്‍ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു.
വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചതില്‍ റെയില്‍വേ മന്ത്രാലത്തിനും അതിനായി പരിശ്രമിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും നന്ദി അറിയിക്കുന്നതായി കുറുക്കോളി മൊയ്തീന് എം.എല്‍.എ പറഞ്ഞു. ഇതൊരു സൂചനയും തുടക്കവും ആവണമെന്നും തിരൂരില്‍ സ്റ്റോപ്പില്ലാത്ത നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കാന്‍ പ്രചോദനമാകണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ജില്ലയിലെ റെയില്‍വേ മേഖലയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയില്‍ നിന്ന് മാറ്റാനും യു.പി.എ ഭരണകാലത്തെ അവഗണനയുടെ ജാള്യത മറച്ചുവെക്കാനുമാണ് സി.പി.എം, മുസ്ലിം ലീഗ് പാര്‍ട്ടികള്‍ സമരം ചെയ്യുന്നതെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് രവി തേലത്ത് പ്രസ്താവനയില്‍ പറഞ്ഞു. തിരൂര്‍ നഗരത്തിന്റെ തന്നെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സ്റ്റേഷനില്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് അനുവദിച്ച രണ്ടാമത് വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചതില്‍ തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.