മലപ്പുറം: തീരമേഖലയിലെ ഉദ്യോഗാർഥികൾക്ക് തൊഴിൽ മേഖലയിൽ അവസരമൊരുക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ ‘തൊഴിൽ തീരം’പദ്ധതിക്ക് ജില്ലയിൽ തുടക്കം. തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂർ, തിരൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിലുള്ളവർക്കായി വൈജ്ഞാനിക തൊഴിൽ പദ്ധതി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണിത് നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വളന്റിയർമാർക്കുള്ള ഫീൽഡുതല പരിശീലനങ്ങൾ പൂർത്തിയായി. ആറ് നിയോജക മണ്ഡലങ്ങളിൽ നിന്നായി 987 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
697 പേർ സ്ത്രീകളാണ്. പദ്ധതി നിർവഹണത്തിനായി അതത് നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാർ അധ്യക്ഷരായുള്ള സംഘാടക സമിതികൾ രൂപവത്കരിച്ചു.
സംസ്ഥാനത്തെ 46 തീരദേശ മണ്ഡലങ്ങളും ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളുമാണ് പദ്ധതി പ്രദേശങ്ങൾ. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാന വർധനവും സാംസ്കാരിക-വിദ്യാഭ്യാസ ഉയർച്ചയുമാണ് ലക്ഷ്യം. നോളജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡി.ഡബ്ല്യൂ.എം.എസിൽ രജിസ്റ്റർ ചെയ്ത 18നും 40നും ഇടയിൽ പ്രായമുള്ള പ്ലസ് ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിലെ ഉദ്യോഗാർഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ജില്ലയിൽ 2024 ജനുവരി 21നാണ് തൊഴിൽമേള. ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല ചെയർപേഴ്സനും നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല കൺവീനറുമായി സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തും.
തൊഴിലന്വേഷകരെ ഉൾപ്പെടുത്തി പ്രാദേശിക സംഗമങ്ങൾ, തൊഴിൽ ക്ലബുകൾ, മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത്-പ്രാദേശികതല ബോധവത്കരണം എന്നിവ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.