അരീക്കോട്: ഏറനാട് മണ്ഡലത്തിലെ മൂന്ന് സ്കൂളിൽ നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ചാലിയാർ പഞ്ചായത്തിലെ ജി.എച്ച്. എസ്.എസ് എരഞ്ഞിമങ്ങാട്, കാവനൂർ പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് എളയൂർ, ജി. എൽ.പി.എസ് കിഴിശ്ശേരി സ്കൂളുകളിലാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്.
സംസ്ഥാന സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും വിവിധ പദ്ധതികളിലായുള്ള 7.15 കോടി രൂപ കെട്ടിട നിർമാണത്തിന് ചെലവിട്ടിട്ടുണ്ട്. പുറമെ എരഞ്ഞിമങ്ങാട് സ്കൂളിൽ രണ്ട് കെട്ടിടങ്ങൾ നിർമിക്കാൻ പ്രധാനമന്ത്രി ജനവികാസ് പദ്ധതിയിലെ 4.15 കോടി ചെലവിട്ടു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്.
കിഴിശ്ശേരി സ്കൂളിൽ കെട്ടിടം നിർമിക്കാൻ കിഫ്ബി ഫണ്ടിൽനിന്ന് ഒരു കോടി രൂപയും വിനിയോഗിച്ചു.കാവനൂർ ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില കെട്ടിട നിർമാണത്തിന് പ്ലാനിങ് ഫണ്ടിൽനിന്നുള്ള രണ്ട് കോടിയും വിനിയോഗിച്ചു. മൂന്ന് കോടി രൂപ ചെലവിൽ മറ്റൊരു കെട്ടിടത്തിന്റെ നിർമാണം ഇവിടെ പുരോഗമിക്കുന്നുണ്ട്.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനസൗകര്യ മേഖലയിൽ ഏറെ മെച്ചപ്പെട്ടുവെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അക്കാദമിക് മികവ് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. ആധുനിക കാലത്ത് കുട്ടികൾ നേടിയെടുക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയാകും പാഠ്യപദ്ധതി പരിഷ്കരിക്കുകയെന്നും മന്ത്രി പറഞ്ഞു. മൂന്നിടങ്ങളിൽ നടന്ന പരിപാടികളിൽ പി.കെ. ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.ആര്‍. മുജീബ്, എം. അബ്ദുറഹിമാന്‍, കാവനൂർഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ രതീഷ്, പഞ്ചായത്ത് അംഗങ്ങളായ പി.സി. ഷാഹിന, വി. രാമചന്ദ്രന്‍, ബീന ചന്ദ്രന്‍, വിദ്യാ കിരണം ജില്ല കോഓഡിനേറ്റര്‍ എം. മണി, അരീക്കോട് ബി.പി.സി രാജേഷ്, എ.ഇ.ഒ.പി. ഡബ്ല്യു.ഡി അസി. എൻജിനീയര്‍, പി.ടി.എ പ്രസിഡന്റ് ടി.പി. മോഹന്‍ദാസ്, പ്രിന്‍സിപ്പല്‍ ഇ.ആര്‍. ഫാമില, പ്രധാനാധ്യാപകൻ ഇ. സോമന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.