തിരൂർ: തിരൂർ-താനൂർ പാതയിൽ അപകടവും ജീവഹാനിയും തുടർക്കഥയായിട്ടും പരിഹാരം കാണാനാവാതെ അധികൃതർ. നടുവിലങ്ങാടി വളവിലാണ് കൂടുതൽ അപകടം നടക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം അറുപതോളം ചെറുതും വലുതുമായ അപകടങ്ങളാണ് നടുവിലങ്ങാടി വളവിൽ മാത്രം ഉണ്ടായത്. ബുധനാഴ്ച ഇവിടെ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാറിടിച്ച് അപകടം ഉണ്ടായി. ഓട്ടോ രണ്ടായി പിളർന്നു.
ചൊവ്വാഴ്ച നടുവിലങ്ങാടിക്കും മുനിസിപ്പൽ സ്റ്റേഡിയത്തിനും ഇടയിൽ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് സ്ത്രീ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൂക്കയിൽ സ്വദേശി ലൈലയാണ് (55) മരിച്ചത്. തിരൂർ-താനൂർ പാതയിൽ രണ്ട് ദിവസത്തിനിടെ മാത്രം അഞ്ച് അപകടങ്ങളാണുണ്ടായത്. ചൊവ്വാഴ്ച താനൂർ മൂലക്കലിൽ മീൻ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് ലോറിയും പോസ്റ്റും തകർന്നിരുന്നു. അപകടത്തിൽപെട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഇതിലുണ്ടായിരുന്ന രണ്ടാൾക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന ആൾക്കും പരിക്കുണ്ട്. വട്ടത്താണിയിൽ മിനിലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറി ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം മൂലക്കലിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്കാണ് പരിക്കേറ്റത്. അപകടം പതിവായതോടെ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.