തിരൂർ (മലപ്പുറം): ആദ്യറീച്ച് പോലും പൂർത്തിയാക്കാനാകാതെ തീരത്തിന്റെ വികസന സ്വപ്നമായ ഹൈവേയുടെ നിർമാണം ഇഴയുന്നു. തിരുവനന്തപുരം തെക്കുപൂവാർ മുതൽ വടക്ക് കാസർകോട് തലപ്പാടി വരെ 656 കിലോമീറ്റർ ദൂരത്തിൽ സൈക്കിൾ ട്രാക്ക്, നടപ്പാത ബസ് ബേകൾ എന്നിവയോടുകൂടി കടലോരത്ത് നിർമിക്കുന്ന പാതയാണിത്.
മലപ്പുറം ജില്ലയിൽ പൊന്നാനി മുതൽ കടലുണ്ടി പാലം വരെയാണ് പാത. സംസ്ഥാനത്ത് പദ്ധതിയുടെ ഒന്നാം റീച്ചായി പരിഗണിച്ചത് ജില്ലയിലെ പടിഞ്ഞാറേക്കര മുതൽ ഉണ്യാൽ വരെയുള്ള 15 കിലോമീറ്റർ ഭാഗമാണ്.
53 കോടി രൂപയാണ് 2018ൽ ഇതിനായി അനുവദിച്ചത്. എന്നാൽ, ഈഭാഗം പോലും പൂർത്തിയാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഒന്നാം റീച്ചിലെ പറവണ്ണ മുതൽ കൂട്ടായി ആശാൻപടി വരെയുള്ള നാലര കിലോമീറ്റർ ദൂരമാണ് ആദ്യമായി പണി നടത്തിയത്. ഇത് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പൂർത്തിയാക്കിയതായിരുന്നു.
പിന്നീട് ഈ ഭാഗം തീരദേശ ഹൈവേയുടെ ഭാഗമാക്കി മാറ്റുകയായിരുന്നു. തുടർന്ന് കൂട്ടായി പള്ളിവളപ്പ് മുതൽ പടിഞ്ഞാറേക്കര നായർതോട് വരെ 3.4 കിലോമീറ്റർ, കൂട്ടായി പാരീസ് മുതൽ ആശാൻ പടി വരെ 1.2 കിലോ മീറ്റർ, പറവണ്ണ മുതൽ ഉണ്യാൽ വരെ ഒരു കിലോമീറ്ററും പണി നടന്നു. എന്നാൽ, ഈ ഭാഗങ്ങളിൽ പലയിടത്തും നിർമാണം പൂർണമല്ല.
വൈദ്യുത കാലുകൾ അടക്കം പലതും റോഡിനു നടുവിലാണ്. പടിഞ്ഞാറേക്കരയിൽനിന്ന് പൊന്നാനിയിലേക്കുവരുമെന്ന് പറയുന്ന ഹൗറ മോഡൽ പാലവും ഈ പാതയുടെ ഭാഗമാണ്.
ഇതിനിടെയാണ് ജില്ലയിലെ രണ്ടാം റീച്ചിന് അംഗീകാരമായത്. താനൂർ മുഹിയുദ്ദീൻ പള്ളി മുതൽ കെട്ടുങ്ങൽ പാലം വരെയാണിത്. ഇതിനായി 29.9 കോടി രൂപ അനുവദിക്കുകയും ചെയ്തു.
കഴിഞ്ഞവർഷം തുടക്കത്തിൽ അഴുക്കുചാലുകൾ നിർമിച്ചെങ്കിലും പിന്നീട് ഇവിടെയും ഒന്നും നടന്നില്ല. ആദ്യ രണ്ട് റീച്ചുകൾക്കിടയിലെ ഉണ്യാൽ മുതൽ താനൂർ വരെയുള്ള ഭാഗം ഒഴിച്ചിടാനാണു പദ്ധതി.
മത്സ്യത്തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ഈ ഭാഗത്ത് മരാമത്ത് വകുപ്പ് വീതി കുറഞ്ഞ റോഡ് നിർമിച്ച് രണ്ട് റീച്ചുകളെയും തമ്മിൽ ബന്ധിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഇതും നടന്നിട്ടില്ല. പദ്ധതിക്കായി ഒട്ടേറെ സ്ഥലങ്ങളും ഏറ്റെടുക്കാനുണ്ട്. ഇതിനും നടപടിയായിട്ടില്ല. കഴിഞ്ഞ ബജറ്റിലും തീരദേശ ഹൈവേക്കു മുൻഗണന നൽകുമെന്ന് പറഞ്ഞത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.