തിരൂരങ്ങാടി: ബാക്കിക്കയം ഷട്ടർ രണ്ടര മീറ്റർ താഴ്ത്താൻ തീരുമാനമായി. ശനിയാഴ്ച വൈകീട്ട് 4.30ന് മലപ്പുറത്ത് എ.ഡി.എം എൻ.എം. മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഷട്ടർ താഴ്ത്താത്തത് കാരണം ആറ് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം ആശങ്കയിലായത് സംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വെള്ളിയാഴ്ച തെന്നല, ഒഴൂർ, പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻറുമാർ കലക്ടറെ നേരിട്ട് കണ്ടിരുന്നു. കലക്ടർ രണ്ട് ദിവസം അവധിയതിനാൽ ശനിയാഴ്ച യോഗം ചേർന്ന് തീരുമാനം വേഗത്തിലാക്കാൻ എ.ഡി.എമ്മിനോട് നിർദേശിക്കുകയായിരുന്നു. വേനൽ കടുക്കുമ്പോൾ മൂന്നര മീറ്ററാക്കി ഷട്ടർ താഴ്ത്താനും തീരുമാനിച്ചു. മൂന്നര മീറ്ററിൽ വെള്ളം കൂടിയാൽ വെള്ളം ഒഴുക്കും. തിങ്കളാഴ്ച രാവിലെ ഇറിഗേഷൻ അധികൃതർ ആറ് ഷട്ടറുകളും താഴ്ത്തും.
യോഗത്തിൽ തിരൂരങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ സി.പി. സുഹ്റാബി, തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കരുമ്പിൽ സലീന, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റൈഹാനത്ത്, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മണമ്മൽ ജലീൽ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഹസീന ഫസൽ, എട്ട് പഞ്ചായത്തുകളിലെ കൃഷി ഓഫിസർമാർ, വാട്ടർ അതോറിറ്റി, ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വെള്ളം കൂടിയതിനാൽ കഴിഞ്ഞ ജൂലൈയിലാണ് തടയണയുടെ ഷട്ടറുകൾ ഇറിഗേഷൻ വിഭാഗം തുറന്നത്. എല്ലാ വർഷവും ഡിസംബറിലാണ് ഷട്ടർ താഴ്ത്താറ്. തെന്നല, ഒഴൂർ, പെരുമണ്ണ, പറപ്പൂർ, വേങ്ങര, ഊരകം പഞ്ചായത്തുകളാണ് കടലുണ്ടി പുഴയിൽനിന്ന് കുടിവെള്ള വിതരണം നടത്തുന്നത്. ഇവിടേക്ക് വെള്ളം ലഭ്യമാക്കാനായാണ് ബാക്കിക്കയം ഷട്ടർ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.