തിരൂർ: കാവിലക്കാട് ടൗണിനെയും നിർദിഷ്ട തീരദേശ ഹൈവേയെയും ബന്ധിപ്പിക്കുന്ന നായർത്തോട് പാലത്തിന്റെ നിർമാണ അവസാന ഘട്ടത്തിലേക്ക്. തവനൂർ നിയോജക മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിൽ തിരൂർ-പൊന്നാനി പുഴക്ക് കുറുകെയാണ് 433 മീറ്റർ നീളത്തിൽ പാലം നിർമിക്കുന്നത്.
നിർമാണ ജോലികൾ 76 ശതമാനത്തിലേറെ പൂർത്തിയായിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ പാലം തുറന്നുകൊടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പാലം യാഥാർഥ്യമാവുന്നതോടെ പടിഞ്ഞാറേക്കരയിൽനിന്നും ചമ്രവട്ടം ഭാഗത്തേക്കുള്ള ദൂരം 10 കിലോമീറ്ററോളം കുറയും.
പടിഞ്ഞാറേക്കര പ്രദേശവാസികൾക്ക് പഞ്ചായത്ത് ഓഫിസിലേക്കും ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യാത്ര എളുപ്പമാവും. പാലത്തിന്റെ ഇരുഭാഗത്തുള്ളവർക്കും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും പൊന്നാനി ഹാർബറിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. കിഫ്ബി പദ്ധതിപ്രകാരം 46.89 കോടി രൂപക്കാണ് ഊരാളുങ്കലിനു കരാർ നൽകിയത്.
പാലത്തിന് 20 മീറ്ററിന്റെ എട്ട് സ്പാനുകളും 36.20 മീറ്ററിന്റെ ആറ് സ്പാനുകളും നടുവിലായി 55 മീറ്ററിന്റെ ഒരു ബോസ്ട്രിങ് ആർച്ച്സ്പാനുമാണ് ഉള്ളത്. പ്രസ്തുത പാലം ദേശീയ ജലപാതക്ക് കുറുകെ ആയതിനാൽ ഇൻലാൻഡ് വാട്ടർ വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ഡബ്ല്യു.എ) മാനദണ്ഡങ്ങൾ അനുസരിച്ച് നടുവിലുള്ള സ്പാനിന് 55 മീറ്റർ നീളവും ആറ് മീറ്റർ ഉയരവും നൽകിയാണ് നിർമിക്കുന്നത്.
കൂടാതെ പാലത്തിന്റെ ഇരുവശത്തുമായി ആകെ 470 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. ആകെ 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. ഇതിൽ 7.50 മീറ്റർ വീതിയിൽ ടാറിങ്ങും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ കൈവരിയോടു കൂടിയ നടപ്പാതയും ഉൾപ്പെടും. കിഫ്ബി മാനദണ്ഡമനുസരിച്ച് പാലത്തിന്റെ അതേ വീതിയിലാണ് അപ്രോച്ച് റോഡും നിർമിക്കുന്നത്.
പാലത്തിലും അപ്രോച്ച് റോഡിനും ആവശ്യമായ വൈദ്യുതീകരണ പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്രോച്ച് റോഡ് നിർമാണത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.