തിരൂർ: താനൂർ ബോട്ടപകടത്തിൽ പരിക്കേറ്റ കുട്ടികൾക്ക് തുടർ ചികിത്സക്ക് ധനസഹായം അനുവദിക്കണമെന്ന രണ്ട് കുട്ടികളുടെ രക്ഷിതാക്കളുടെ പരാതി മനുഷ്യാവകാശ കമീഷൻ സ്വീകരിച്ചു. റിപ്പോർട്ട് നൽകാൻ ജില്ല കലക്ടർക്ക് നോട്ടീസ് നൽകി. കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിലാണ് നടപടി സ്വീകരിച്ചത്. മുൻ പരാതികളടക്കം 170 പരാതികളാണ് പരിഗണിച്ചത്. മകന്റെ മരണത്തിലെ ദുരുഹത നീക്കി പ്രതികൾക്കെതിരെ കർശന നടപടി തേടി വയോധിക പരാതി നൽകി.
പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്തുമ്മൽ പാറുക്കുട്ടിയാണ് മകൻ വിനോദ് കുമാറിന്റെ ( 37) മരണത്തിൽ പരാതി നൽകിയത്. വിനോദ് കുമാറിനെ കഴിഞ്ഞ വർഷം ജനുവരി 19ന് വീടിന് സമീപത്തെ തോട്ടിൻകരയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജനുവരി 16ന് വൈകീട്ട് സുഹൃത്തുക്കളുമായി വാക്തർക്കമുണ്ടാകുകയും മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിനോദ് കുമാറിനെ കാണാതായി. മാതാവ് പാറുക്കുട്ടിയും സഹോദരൻ ബിജുവും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഡിവൈ.എസ്.പിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി മനുഷ്യാവകാശ കമീഷൻ അംഗം കെ. ബൈജുനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.