ഇന്ന് പരിസ്ഥിതി ദിനം: 12 ഏക്കറിൽ പരിസ്ഥിതി വിനോദ കേന്ദ്രമൊരുക്കി നൂർ മുഹമ്മദ്

തിരൂർ: ജില്ലയിലുള്ളവരുടെയും പ്രത്യേകിച്ച് തിരൂരിലും സമീപ പ്രദേശങ്ങളിലുള്ളവരുടെയും ഇഷ്ട വിനോദ കേന്ദ്രമാണ് നൂർ ലേക്ക്. തിരൂർ പച്ചാട്ടിരിയിൽ 12 ഏക്കറിലെ 'വനം'ആസ്വദിക്കാൻ നിരവധി പേരാണ് ദിനംതോറും എത്തുന്നത്. 2000ത്തിലാണ് പരിസ്ഥിതി വിനോദ കേന്ദ്രമായ നൂർലേക്കിന്‍റെ തുടക്കം. നൂർ മുഹമ്മദാണ് നൂർ ലേക്കിനെ ഇന്ന് കാണുന്ന പരിസ്ഥിതി വിനോദ കേന്ദ്രമാക്കിയത്. അത്യപൂർവമായ മരങ്ങളും ചെടികളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആന മുള, ലാത്തി മുള, ബിലാത്തി മുള, ഗോൾഡൻ ബാംബു ഉൾപ്പെടെ അമ്പതോളം ഇനങ്ങളിൽ പെട്ട മുളകൾ ഇവിടെയുണ്ട്. ആര്യവേപ്പ് മുതൽ മരുത്, നെറു മരുത് ഉൾപ്പെടെയുള്ള ഔഷധ ഗുണങ്ങളുള്ള ധാരാളം ചെടികളും ഇവിടെയുണ്ട്.

ഭൂമിയുടെ തരം മാറ്റാൻ സൗകര്യമുണ്ടായിട്ടും പ്രകൃതിയോടുള്ള മുഹമ്മദിന്‍റെ അടങ്ങാത്ത സ്നേഹമാണ് നൂർ ലേക്കിനെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാക്കി മാറ്റാൻ കാരണം. കുടുംബ സ്ഥലമാണെങ്കിലും സഹോദരങ്ങളുടെ പൂർണ പിന്തുണയും അദ്ദേഹത്തിനുണ്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സഹായവും തുണയായുണ്ട്. തിരൂർ -പൊന്നാനി പുഴയുടെ സമീപത്തായതിനാൽ ഉപ്പുവെള്ളത്തിന്‍റെ സാമീപ്യം അനുഗ്രഹമായി. കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെ നീരൊഴുക്ക് കുറഞ്ഞതിനാൽ നിർത്തിവെച്ച ബോട്ടിങ് പുനഃസ്ഥാപിച്ചു.

മുതിർന്നവർക്കും കുട്ടികൾക്കും നീന്തൽ പരിശീലനവും മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടക്കുന്നു. പച്ചാട്ടിരി സ്വദേശി പരേതനായ പുതിയകത്ത് തണ്ണച്ചം വീട്ടിൽ കുട്ടൂസ ഹാജിയുടെയും മറിയക്കുട്ടിയുടെയും 12 മക്കളിൽ ആറാമത്തെ മകനാണ് നൂർ മുഹമ്മദ്. പറവണ്ണ സ്വദേശി ഭാര്യ ഫാത്തിമയും മക്കളായ നൂർ ഫാബിദും തിരുവനന്തപുരം കാർഷിക സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ നൂർ ഫിദയും പിതാവിന്‍റെ പരിസ്ഥിതി സംരക്ഷണത്തിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്. 

Tags:    
News Summary - Today is Environment Day: Noor Mohammad set up an eco-center on 12 acres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.