തേഞ്ഞിപ്പലം: കേരളത്തിലെ ആദ്യത്തെ സസ്യശേഖര സാമ്പിളുകളുടെ സങ്കേതമായി മാറാനൊരുങ്ങി കാലിക്കറ്റ് സര്‍വകലാശാല ഹെര്‍ബേറിയം. ദേശീയ ജൈവവൈവിധ്യ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ സര്‍വകലാശാല ഹെര്‍ബേറിയം രാജ്യത്തെ 18ാമത്തേതും സംസ്ഥാനത്തെ ആദ്യത്തേതുമായ സസ്യശേഖര സാമ്പിളുകളുടെ സങ്കേതമായി മാറും. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗങ്ങള്‍ സര്‍വകലാശാല ഹെര്‍ബേറിയം സന്ദര്‍ശിക്കുകയും പഠന റിപ്പോര്‍ട്ട് ദേശീയ ജൈവവൈവിധ്യ ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു.
ദേശീയ ജൈവവൈവിധ്യ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഹെര്‍ബേറിയത്തിന്റെ മുഖച്ഛായ മാറും. ചെടികളുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും മരുന്ന് നിര്‍മാണത്തിന്റെയും ഭാഗമായി നിശ്ചിത സസ്യങ്ങളുടെ സാമ്പിളുകള്‍ സസ്യശേഖര സങ്കേതത്തില്‍ സൂക്ഷിക്കണമെന്നാണ് നിയമം.
വിദേശ സര്‍വകലാശാലകളുമായി സഹകരിച്ചുള്ള പഠന- ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ജൈവവൈവിധ്യ ബോര്‍ഡിന്റെ അംഗീകാരമുള്ള സസ്യശേഖര സാമ്പ്ള്‍ സങ്കേതങ്ങളുടെ സഹായം അനിവാര്യമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി കേരളത്തിലുള്ളവര്‍ കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ സസ്യശേഖര സാമ്പ്ള്‍ സങ്കേതങ്ങളെയാണ് നിലവിൽ ആശ്രയിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പ്രോജക്ടുകളില്‍നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുമെന്നും ഹെര്‍ബേറിയം ക്യൂറേറ്ററുടെ ചുമതല വഹിക്കുന്ന ബോട്ടണി പഠന വിഭാഗം അസി. പ്രഫസര്‍ ഡോ. എ.കെ. പ്രദീപ് പറഞ്ഞു. അന്തര്‍ദേശീയ അംഗീകാരമുള്ള ഹെര്‍ബേറിയത്തില്‍ ലക്ഷത്തിലധികം സസ്യങ്ങളുടെ സാമ്പിളുകളുണ്ട്. ഇതില്‍ 85 ശതമാനവും ഡിജിറ്റലൈസ് ചെയ്ത് www.cali.org.in ല്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.