തേഞ്ഞിപ്പലം: 28 വർഷം മുമ്പ് കാണാതായ പെരുവള്ളൂർ കൂമണ്ണ വലിയപറമ്പ് സ്വദേശി ചാനത്ത് വീട്ടിൽ അബൂബക്കറിനെ (54) ചെന്നൈയിൽ കണ്ടെത്തിയെന്ന് വിവരം ലഭിച്ചു. തിരിച്ചറിയാനായി ബന്ധുക്കൾ യാത്രതിരിച്ചു. ചെന്നൈയിലുള്ള സന്നദ്ധ സംഘടനയുടെ ഭാരവാഹികളാണ് വിവരം നാട്ടിൽ അറിയിച്ചത്. നാടിനെക്കുറിച്ച് ചോദിച്ചപ്പോൾ തിരൂരങ്ങാടി, ഒളകര എന്നീ പേരുകൾ വ്യക്തമാക്കിയതനുസരിച്ച് സംഘാടകർ ഫോട്ടോ സഹിതം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുകയായിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പെരുവള്ളൂരിലെ നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചതനുസരിച്ച് കണ്ടെത്തിയ ആൾ അബൂബക്കറാണെന്ന നിഗമനത്തിലാണ് കുടുംബം.
ചെന്നൈയിലുള്ള അബൂബക്കറിന്‍റെ ബന്ധുക്കളുമായും നാട്ടുകാർ ബന്ധപ്പെട്ടിട്ടുണ്ട്. 25 വയസ്സുള്ളപ്പോൾ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന അബൂബക്കറിനെ ചികിത്സാർഥം പിതാവ് മമ്മുദു ഏർവാടിയിൽ കൊണ്ടുപോയിരുന്നു. സന്ദർശനം കഴിഞ്ഞ് മടങ്ങിവരവെ ചെന്നൈയിൽ വെച്ച് കാണാതായെന്നാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും ഇപ്പോഴുള്ള വിവരം. 1994ലാണ് സംഭവം. അന്നുമുതൽ മകനുവേണ്ടി കണ്ണീർ വാർത്ത് കാത്തിരുന്ന പിതാവ് മമ്മുദുവും മാതാവ് ഖദീജയും മകനെ കാണാതെ വിടപറഞ്ഞു. രോഗബാധിതനായി യൗവന പ്രായത്തിൽ സഹോദരൻ സമദും മരിച്ചു. മൂന്ന് സഹോദരിമാരുമുണ്ട്. അതിനിടെ 1994ൽ ചെന്നൈയിലെ മാനസിക രോഗ ആശുപത്രിയിൽ അബൂബക്കറിനെ ചികിത്സക്ക് വിധേയമാക്കിയതായുള്ള രേഖകൾ കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് ലഭിച്ചു.
കഴിഞ്ഞ ഏപ്രിലിൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ചെന്നൈയിലെ സന്നദ്ധ സംഘടന ഏറ്റെടുക്കുകയായിരുന്നു. കാണാതായ വർഷവും ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഷവും ഒത്തുനോക്കുമ്പോൾ അബൂബക്കർതന്നെയാണെന്ന നിഗമനത്തിലാണ് ബന്ധുക്കൾ. ഉടമസ്ഥരില്ലാത്തതിനെ തുടർന്ന് മജിസ്ട്രേറ്റാണ് അബൂബക്കറിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.