തേഞ്ഞിപ്പലം: വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ പഞ്ചായത്തുകളിലെയും പരപ്പനങ്ങാടി നഗരസഭയിലെയും ജനങ്ങള്‍ക്ക് ഉപകാരമാകുന്ന ജലജീവന്‍ മിഷന് കുടിവെള്ള പദ്ധതിക്കായി കാലിക്കറ്റ് സര്‍വകലാശാല ഒന്നരയേക്കര്‍ സ്ഥലം ലഭ്യമാക്കും. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് ടാങ്ക് പണിയാനുള്ള സ്ഥലം ജല അതോറിറ്റിക്ക് കൈമാറാന്‍ സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തിലാണ് ഇടപെടലുണ്ടായത്. ഇതിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും ജല അതോറിറ്റി ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി. പദ്ധതിക്കായി സര്‍വകലാശാല കാമ്പസില്‍ ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കും.
ചെനയ്ക്കലില് ജല അതോറിറ്റിയുടെ നിലവിലുള്ള ടാങ്കിനടുത്താണ് സ്ഥലം വിട്ടു നല്കാനുദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം തയാറാക്കാന്‍ ജല അതോറിറ്റിയോട് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുണ്ട്. 18 കിലോമീറ്റര്‍ അകലെയുള്ള ചാലിയാര്‍ മുണ്ടുകുഴിയില്നിന്നാണ് വെള്ളം കാമ്പസിലെത്തിക്കുക. സര്‍വകലാശാലക്ക് സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി ജല അതോററ്റി അംഗീകരിച്ചു. 33 മില്യന്‍ ലിറ്റര്‍ ശേഷിയുള്ള സംഭരണിയാണ് ഇതിനായി നിര്‍മിക്കുക. പദ്ധതിക്ക് സര്‍ക്കാര്‍ ഇതിനകം തന്നെ 287 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു.
യോഗത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. എം.എം. നാരായണന്, കെ.കെ. ഹനീഫ, ഡോ. കെ.ഡി. ബാഹുലേയന്, ഡോ. ജി. റിജുലാല്‍, ഇ. അബ്ദുറഹീം, സര്‍വകലാശാല എൻജിനീയര്‍ വി.ആര്. അനില്‍ കുമാര്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍ ജയന് പാടശ്ശേരി, വാട്ടര്‍ അതോറ്റി എക്സിക്യൂട്ടിവ് എൻജിനീയര്‍ ജയകൃഷ്ണന്, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ. റഷീദലി, അസി. എൻജിനീയര്‍ ഷിബിന്‍ അശോക് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.