തേഞ്ഞിപ്പലം: ദേശീയപാത വികസന പ്രവൃത്തി നടക്കുന്ന മേഖലയിൽ ജനങ്ങൾക്ക് ആശങ്കയുള്ള സ്ഥലങ്ങൾ ജനപ്രതിനിധി -ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തി. പരിശോധനയുടെ മുമ്പായി കാക്കഞ്ചേരി കിൻഫ്ര ടെക്നോപാർക്ക് കിൻഫ്ര കോൺഫറൻസ് ഹാളിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രശ്നങ്ങൾ സംബന്ധിച്ച പൂർണമായ പ്രൊപ്പോസൽ ദേശീയപാത വിഭാഗം തയാറാക്കി റീജനൽ ഓഫിസർക്ക് കഴിഞ്ഞ ദിവസം സമർപ്പിച്ചതായി ലെയ്സൺ ഓഫിസർ അറിയിച്ചു. ഇടിമുഴിക്കൽ, താഴെ ചേളാരി, പടിക്കൽ എന്നീ മേൽപാലങ്ങൾ ആകാശ പാതയാക്കുന്നതിന് അധിക സാമ്പത്തിക ബാധ്യത വരുന്നതിനാൽ പദ്ധതി ഡി.പി.ആറിൽ കൂടുതൽ ഭേദഗതി ആവശ്യമാണ്. ഇതിന് കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിക്കണമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. എന്നാൽ, വെളിമുക്ക്, പാലക്കൽ, പാണമ്പ്ര, ചെട്ട്യാർമാട്, സ്പിന്നിങ് മിൽ എന്നിവിടങ്ങളിൽ അടിപ്പാത വേണമെന്ന നിർദേശവും കോഹിനൂർ, മേലെ ചേളാരി എന്നിവിടങ്ങളിൽ വലിയ വാഹനങ്ങൾ കടന്നുപോവാനുള്ള മേൽപാലമോ അടിപ്പാതയോ നിർമിക്കുന്നതിനുള്ള പ്രൊപ്പോസലും കേന്ദ്ര അനുമതിക്കായി സമർപ്പിക്കാൻ ഡെപ്യൂട്ടി കലക്ടർ ദേശീയ പാത വിഭാഗത്തിന് നിർദേശം നൽകി. അതേസമയം, താഴെ ചേളാരി -പരപ്പനങ്ങാടി റോഡ് ജങ്ഷന് വേണ്ടിയും ബസ് ബേ നിർമിക്കുന്നതിനും ടാക്സി സ്റ്റാൻഡ് സ്ഥാപിക്കുന്നതിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് പ്രൊപ്പോസൽ ദേശീയ പാത വിഭാഗത്തിന് സമർപ്പിച്ചതായും ലെയ്സൺ ഓഫിസർ അറിയിച്ചു.
യോഗത്തിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി എന്ന ബാവ, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത്, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സുഹറാബി, ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, ദേശീയപാത വിഭാഗം ലെയ്സൺ ഓഫിസർ പി.പി.എം. അഷ്റഫ്, ദേശീയപാത വിഭാഗം സൂപ്രണ്ട് പി. ഗോപാലകൃഷ്ണൻ, ദേശീയ പാത സാങ്കേതികവിഭാഗം പ്രോജക്ട് എൻജിനീയർ ഹരിഗോവിന്ദ് മോഹൻ, ജലവിഭവ വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.കെ. റഷീദലി, അസി. എൻജിനീയർ ഷിബിൻ പി. അശോക് എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.