തേഞ്ഞിപ്പലം: ചേളാരിയിലെ അവുക്കാദര്‍ കുട്ടി നഹ സാഹിബ് സ്മാരക ഗവ. പോളിടെക്നിക് കോളജില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം. ലഹരിക്കും ദേശീയ വിദ്യാഭ്യാസ നയത്തിനുമെതിരെ എസ്.എഫ്.ഐ നടത്തുന്ന ജില്ല ജാഥക്ക് കോളജ് കാമ്പസില്‍ സ്വീകരണം നല്‍കിയതിനെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിനിടയാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. തിരൂര്‍ പോളിടെക്നിക്, തിരൂര്‍ ടി.എം.ജി കോളജ്, താനൂര്‍ ഗവ. കോളജ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ ചേളാരി ഗവ. പോളിടെക്നിക് കോളജില്‍ എത്തിയപ്പോള്‍ ജാഥ അംഗങ്ങള്‍ കാമ്പസിനകത്ത് പ്രവേശിച്ച് സ്വീകരണയോഗത്തില്‍ സംസാരിക്കുന്നത് എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറി സി. നിയാസിന്റെ നേതൃത്വത്തില്‍ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
കാമ്പസിനകത്ത് കൊടിതോരണങ്ങള്‍ സ്ഥാപിക്കരുതെന്നും പുറത്തുള്ളവരെ പങ്കെടുപ്പിച്ച് സംഘടന പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ തീരുമാനിച്ചിരുന്നതായി എം.എസ്.എഫ് നേതാക്കൾ പറഞ്ഞു. എസ്.എഫ്.ഐ നേതാക്കള്‍ ഇത് ലംഘിച്ചത് എം.എസ്.എഫ് ഭാരവാഹികള്‍ ചോദ്യം ചെയ്യുകയും എസ്.എഫ്.ഐയുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതോടെ സംഘര്ഷാവസ്ഥയുണ്ടാകുകയായിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറി സി. നിയാസ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാൽ, ജാഥയ്ക്ക് പ്രിന്‍സിപ്പലിന്റെ അനുമതി ഉണ്ടായിരുന്നെന്നും ജാഥയ്ക്ക് ലഭിക്കുന്ന പൊതുസ്വീകാര്യത അംഗീകരിക്കാനാകാത്തതിനാലാണ് എം.എസ്.എഫ് ഈ സമീപനം സ്വീകരിച്ചതെന്നും എസ്.എഫ്.ഐ ജില്ല സെക്രട്ടറി എം. സജാദ് പറഞ്ഞു.
ജാഥാ ക്യാപ്റ്റനെയും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ജാഥാ അംഗങ്ങളെയും കൈയേറ്റം ചെയ്തത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, കാമ്പസിലെ വിദ്യാർഥികളുടെ പരിപാടിക്ക് മാത്രമാണ് പ്രിന്‍സിപ്പല്‍ അനുമതി നല്‍കിയതെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാട്ടുകയായിരുന്നെന്നും എം.എസ്.എഫ് യൂനിറ്റ് ഭാരവാഹി എം.പി. റെറിന് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.