തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ആറ് മൊബൈല്‍ ഫോണും ഒരു സ്മാര്‍ട്ട് വാച്ചും മോഷ്ടിച്ചയാള്‍ പോക്‌സോ, വധശ്രമക്കേസ് പ്രതി. മോഷണക്കേസില്‍ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്ത അഴിഞ്ഞിലം മുള്ളന്‍പറമ്പത്ത് സൂരജിനെ (23) പരപ്പനങ്ങാടി കോടതി തിങ്കളാഴ്ച റിമാന്‍ഡ് ചെയ്ത് തിരൂര്‍ സബ്ജയിലിലേക്ക് അയച്ചു.
തേഞ്ഞിപ്പലം വില്ലൂന്നിയാലിന് സമീപത്തെ സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഴിഞ്ഞ അഞ്ചിന് പുലര്‍ച്ച ഫോണുകളും സ്മാര്‍ട്ട് വാച്ചും മോഷ്ടിച്ച സൂരജിനെ സര്‍വകലാശാല ജീവനക്കാരി എന്‍.വി. സുജിതയുടെ പരാതി പ്രകാരമാണ് പിടികൂടിയത്. മോഷ്ടിച്ച ഫോണില്‍ സിം കാര്‍ഡിട്ട് ഉപയോഗിച്ചതോടെയാണ് സൂരജിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്.
ഫറോക്ക് നല്ലൂരില്‍ വാടകക്ക് താമസിക്കുന്ന ഇയാള്‍ പൊലീസ് പിന്തുടരുന്ന വിവരം മനസ്സിലാക്കി ജ്യേഷ്ഠന്റെ ഓട്ടോയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പെരുമുഖം വടക്കേബസാറില്‍ പിടിയിലാകുകയായിരുന്നു. തേഞ്ഞിപ്പലത്ത് മുമ്പ് വാടകക്ക് കുടുംബസമേതം താമസിച്ച സൂരജ് സര്‍വകലാശാല കാമ്പസിലെ ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച് മോഷണം ആസൂത്രണം ചെയ്തിരുന്നു. 70,000 രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിപ്രകാരമായിരുന്നു കേസന്വേഷണം.
വാഴക്കാട് സ്റ്റേഷനില്‍ വധശ്രമത്തിനും ഫറോക്കില്‍ പോക്‌സോ വകുപ്പിലും സൂരജിന്റെ പേരിൽ കേസുണ്ട്. തേഞ്ഞിപ്പലം സി.ഐ ഒ.കെ. പ്രദീപ്, കൊണ്ടോട്ടി എ.എസ്.പി വിജയ ഭരത് റെഡ്ഡിയുടെ കീഴിലെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളും എസ്.സി.പി.ഒമാരുമായ പി.സി. മുസ്തഫ, വി.കെ. അഷ്‌റഫ്, വി.പി. ബിജു, സി.പി.ഒമാരായ കെ.ടി. റാഷിദ്, എം. മുഹമ്മദ് അജ്‌നാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.