തേഞ്ഞിപ്പലം: ക്ലാസ് മുറികളില്ലാതെ പഠനം പ്രതിസന്ധിയിലായ ചേളാരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധസമരം നടത്തി. പ്ലസ് വൺ വിദ്യാർഥികളാണ് പ്രതിഷേധം തീർത്തത്.
പ്ലസ് വൺ വിദ്യാർഥികൾ രണ്ട് ബാച്ചുകളായാണ് പഠനം നടത്തുന്നത്. കടുത്ത ചൂടിൽ ഓപൺ ഓഡിറ്റോറിയത്തിൽ താൽക്കാലിക ക്ലാസ് ഒരുക്കിയാണ് പ്ലസ് വൺ ബാച്ചുകാരുടെ പഠനം. ദേശീയപാത വികസനത്തിനായി സ്കൂൾ കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയതോടെയാണ് പഠനസൗകര്യം ഇല്ലാതായത്. ഹയർ സെക്കൻഡറിയുടെ പുതിയ കെട്ടിട നിർമാണം രാഷ്ട്രീയപ്രേരിതമായി ചിലർ തടഞ്ഞതോടെ നിർമാണം പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ സ്കൂൾ കാമ്പസിനകത്ത് പ്ലക്കാർഡുകൾ ഉയർത്തി സമരവുമായി എത്തിയത്. പ്രതിഷേധമറിയിക്കാൻ പ്രിൻസിപ്പലിന്റെ ചേംബറിലും എത്തി. ഉച്ചക്ക് ഒരു മണിക്ക് ശേഷം പഠിപ്പ് മുടക്കാതെയായിരുന്നു സമരം. ആവശ്യം ന്യായമാണെന്നും അതിനൊപ്പമാണ് പി.ടി.എയെന്നും പ്രസിഡന്റ് എ.പി. സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.