വേങ്ങര: കോട്ടക്കൽ റോഡിൽ ഇരിങ്ങല്ലൂർ പുത്തൻ പറമ്പിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം. ബയോ ബിൻ ഗോഡൗണും ഐസ് നിർമാണ ഫാക്ടറിയും കത്തിനശിച്ചു. പുത്തൻ പറമ്പ് പള്ളിയോട് ചേർന്ന് ചാലിൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ 6.45ന് തീപിടിത്തമുണ്ടായത്. താഴെ നിലയിൽ പ്രവർത്തിക്കുന്ന പുത്തനങ്ങാടി സ്വദേശി പറങ്ങോടത്ത് മുഹമ്മദ് റാഹിലിന്റെ പി.ആർ.ജി ട്രേഡിങ് എന്ന ബയോബിൻ വിതരണ സ്ഥാപനം പൂർണമായും കത്തി നശിച്ചു.
ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന പറപ്പൂർ ആസാദ് നഗറിലെ ചെണ്ണങ്കാട്ട് അക്ബറിന്റെ വി.ടി.എ ഗ്രൂപ് ഐസ്ക്രീം നിർമാണ യൂനിറ്റും അഗ്നിക്കിരയായി. ഐസ് കമ്പനിയിലെ രണ്ട് ഫ്രീസറുകളും ലോലി ടാങ്ക് അടക്കം എട്ട് നിർമാണ യന്ത്രങ്ങൾക്കും കേടുപാട് സംഭവിച്ചു. ബയോബിൻ കമ്പനിയിൽ സൂക്ഷിച്ചിരുന്ന നിർമാണത്തിലുള്ള പതിനായിരത്തിലധികം വിവിധതരം ബക്കറ്റുകളും അനുബന്ധ നിർമാണ സാമഗ്രികളും ബക്കറ്റിൽ ഹോൾ ഇടുന്ന മെഷീനും കത്തിനശിച്ചു.
തീ പടർന്ന സമയം മുകൾനിലയിലെ ഫാമിലി ക്വാർട്ടേഴ്സുകളിൽ ഇതര സംസ്ഥാനക്കാരായ താമസക്കാരുണ്ടായിരുന്നെങ്കിലും പുക ഉയരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
രാവിലെ 6.45നാണ് ഗോഡൗണിന്റെ മധ്യഭാഗത്തുനിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ മലപ്പുറത്തുനിന്ന് എത്തിയ രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേന വിഭാഗമെത്തിയ ശേഷമാണ് തീയണക്കാനായത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
നഷ്ടം കണക്കാക്കി വരുന്നു. തീയണക്കാൻ സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ എം. പ്രദീപ് കുമാർ, റസ്ക്യു ഓഫിസർമാരായ വി.പി. നിഷാദ്, ടി.കെ. നിഷാന്ത്, അമൽ പി. ഷാജു, കെ.പി. മുഹമ്മദ് ഷഫീഖ്, പി. വിപിൻ, വി. അനൂപ് ശ്രീധരൻ, ഹോം ഗാർഡുമാരായ സി.വി. അശോക് കുമാർ, വി. ബൈജു, പി. വിജീഷ്, സിവിൽ ഡിഫൻസ് വളന്റിയർമാരായ പി. ഷിംജിത്, ഷിജി പാറയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.