വേങ്ങര: യഥാസമയം സെസ് അടക്കാതിരുന്നതിനാൽ വേങ്ങര ഗ്രാമപഞ്ചായത്ത് ജി.എസ്.ടി വകുപ്പിന് അടക്കേണ്ടത് 45 ലക്ഷം രൂപ. വാറ്റ് നിയമം വന്ന ശേഷം 2006 മുതൽ 2012 വരെ ഗ്രാമപഞ്ചായത്തിന്‍റെ കെട്ടിടങ്ങളുടെ വാടകയുടെ സെസ് ഇനത്തിൽ 10 ലക്ഷം രൂപയായിരുന്നു അടക്കേണ്ടിയിരുന്നത്. പിന്നീട് കേന്ദ്ര ജി.എസ്.ടി നിയമപ്രകാരം കുടിശ്ശികക്കുള്ള കൂട്ടുപലിശ അടക്കം 45 ലക്ഷം രൂപ അടക്കുന്നതിനാണ് ജി.എസ്.ടി വകുപ്പ് ആവശ്യപ്പെട്ടത്. വേങ്ങര മാർക്കറ്റ്, ബസ് സ്റ്റാൻഡ് കെട്ടിടങ്ങളിലെ വാടക ഇനത്തിൽ വാങ്ങിയ തുകയുടെ സെസാണ് അടക്കാനുണ്ടായിരുന്നത്. മുൻകാലത്തെ യു.ഡി.എഫ് ഭരണ സമിതികളുടെയും മാറിമാറി വന്ന സെക്രട്ടറിമാരുടേയും അനാസ്ഥയാണ് കുടിശ്ശിക കൂടാൻ കാരണമെന്നറിയുന്നു. പണം ലഭിക്കാതായതോടെ ജി.എസ്.ടി വകുപ്പ് ജപ്തി നടപടികളിലേക്ക് നീങ്ങി. തുടർന്ന് ഭരണസമിതി തദ്ദേശവകുപ്പിനെ സമീപിച്ചു. യഥാർഥ തുക തനത് ഫണ്ടിൽനിന്ന് എടുത്ത് അടക്കാൻ സർക്കാർ അനുമതി നൽകി. ഇതേതുടർന്ന് കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ സെക്രട്ടറി ജി.എസ്.ടി വകുപ്പിന് കൈമാറി. എന്നാൽ, പലിശ ഇനത്തിലുള്ള ഭാരിച്ച തുക ഒഴിവാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഹൈകോടതിയിൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.