വേങ്ങര: പറപ്പൂർ പുഴച്ചാല്‍ അംഗൻവാടിയിലെ കുട്ടികള്‍ക്ക് ഇനി നെഞ്ചിടിപ്പില്ലാതെ മുറ്റത്തിറങ്ങാം. അംഗൻവാടിക്ക് ചുറ്റുമതില്‍ നിർമിച്ച് അധികൃതര്‍ സുരക്ഷ ഒരുക്കി. രണ്ട് ഭാഗങ്ങളില്‍ റോഡും ഒരുഭാഗത്ത് വെള്ളമൊഴുകുന്ന കനാലിനുമിടയില്‍ ഭീതിയോടെയാണ് പിഞ്ചുകുഞ്ഞുങ്ങളെ രക്ഷിതാക്കൾ ഈ അംഗൻവാടിയില്‍ അയച്ചിരുന്നത്. പറപ്പൂരിലെ പൊതുപ്രവർത്തകനായ ടി.കെ. മൊയ്തീൻ കുട്ടി സംസ്ഥാന ബാലാവകാശ കമീഷന് നല്കിയ പൊതുതാൽപര്യ ഹരജിയെ തുടര്‍ന്നാണ് ചുറ്റുമതില്‍ കെട്ടി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയായത്. എടരിക്കോട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള പറപ്പൂര് പഞ്ചായത്ത് രണ്ടാംവാര്‍ഡിലെ 60ാം നമ്പര്‍ പുഴച്ചാല്‍ അംഗൻവാടിയിലാണ് സുരക്ഷക്കായി കുട്ടികളെ പുറത്തുവിടാതെ കതക് പൂട്ടേണ്ട അവസ്ഥ ഉണ്ടായിരുന്നത്. മുന്‍വശത്ത് ഏതുസമയവും അപകടമുണ്ടാവുന്ന ചങ്കുവെട്ടി - വേങ്ങര മെയിന്‍ റോഡും അപകട വളവും മറുഭാഗത്ത് പുഴച്ചാല്‍-ഇല്ലിപിലാക്കല്‍ റോഡ്, പിറകുവശത്താവട്ടെ വെള്ളം നിറഞ്ഞൊഴുകുന്ന ഇറിഗേഷന്‍ വകുപ്പിന്റെ കനാലുമാണ്. കുട്ടികളുടെ സുരക്ഷക്ക് നടപടികൾ സ്വീകരിക്കണമെന്ന് പരാതി ലഭിച്ചതോടെ ബാലാവകാശ കമീഷന് നടപടികൾ ആരംഭിക്കുകയായിരുന്നു.
2001ല്‍ പുഴച്ചാല്‍ സൗഹൃദ സംഘം പുഴച്ചാലില്‍ മൂന്ന് സെന്റ് സ്ഥലം സ്വകാര്യ വ്യക്തിയില്‍നിന്ന് വിലക്കെടുത്ത് പഞ്ചായത്തിന് കൈമാറുകയും അവിടെ അംഗൻവാടി കെട്ടിടം സ്ഥാപിക്കുകയുമായിരുന്നു. സ്ഥലം കൈമാറിയ വ്യക്തിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ അവകാശ തര്‍ക്ക കേസ് നിലവില്‍ വന്നതോടെയാണ് കുട്ടികളുടെ സുരക്ഷക്ക് ചുറ്റുമതില്‍ പോലും കെട്ടാനാവത്ത അവസ്ഥ വന്നത്. ഇരു ഭാഗത്തും റോഡില്‍നിന്ന് നിശ്ചിത അകലക്കുറവും പിറകുവശത്ത് കനാലില്‍നിന്ന് അകലക്കുറവും ഉള്ളത് കാരണം ചുറ്റുമതില്‍ നിര്‍മാണത്തിന് പഞ്ചായത്തിനും പദ്ധതി ആവിഷ്കരിക്കാനായില്ല.
2021 മേയിന് 12ന് പറപ്പൂര് പഞ്ചായത്ത് സെക്രട്ടറിയെ ഒന്നും ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസറെ രണ്ടും എതിര്‍കക്ഷികളാക്കി ബാലാവകാശ കമീഷന് അംഗം സി. വിജയകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം പഞ്ചായത്തിനോട് ചുറ്റുമതില്‍ കെട്ടാന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് ചുറ്റുമതിലിനായി തുക വകയിരുത്തി കരാര്‍ നല്കി പണി ആരംഭിച്ചെങ്കിലും ഒരുവിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രവത്തേി തടസ്സപ്പെട്ടു. അനുരജ്ഞന ചര്‍ച്ചകളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് ബാലാവകാശ കമീഷന്റെ ഉത്തരവ് നടപ്പാക്കാന്‍ അനുമതി തേടി ഹൈകോടതിയെ സമീപിച്ചു.
കഴിഞ്ഞ 21ന് ഹൈകോടതി ബാലവാകാശ കമീഷന്റെ നിർദേശമനുസരിച്ചുള്ള സുരക്ഷ മതില് കെട്ടാന്‍ ജസ്റ്റിസ് സി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.