വേങ്ങര: മണ്ണൊലിപ്പ് തടയുന്നതിനും തോട്ടുവരമ്പുകൾ സംരക്ഷിക്കുന്നതിനുമായി വിരിച്ച കയർ ഭൂവസ്ത്രം ഒരു വർഷത്തിനുള്ളിൽ ദ്രവിച്ച് ഉപയോഗശൂന്യമായി. സമയത്തിന് പണി പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച പദ്ധതിയുടെ ബാക്കിപത്രമായി ദ്രവിക്കുന്ന കയർ മാറ്റുകൾ വേങ്ങര ബ്ലോക്ക് ഓഫിസ് ഷെഡിൽ നശിക്കുന്നു. വേങ്ങര ഗ്രാമപഞ്ചായത്തിന് കീഴിൽ കുറ്റൂർ പാടശേഖരത്തിലാണ് ഭൂവസ്ത്രം വിരിക്കൽ എങ്ങുമെത്താതെ പോയത്.
കഴിഞ്ഞ വർഷം ഭൂവസ്ത്രം വിരിക്കൽ പൂർത്തിയാവുന്നതിന് മുമ്പേ മഴക്കാലം തുടങ്ങുകയും വയലിലും തോട്ടിലും മഴവെള്ളം നിറഞ്ഞതോടെ പണി നിർത്തിവെക്കുകയുമായിരുന്നു. വിരിച്ച ഭൂവസ്ത്രത്തിനിടയിൽ രാമച്ചം നടുന്ന പണിയും നടന്നില്ല. എന്നാൽ, ഇക്കഴിഞ്ഞ വേനലിൽ പണി പൂർത്തിയാക്കാൻ ഗ്രാമപഞ്ചായത്ത് മെനക്കെട്ടില്ലെന്ന് മാത്രമല്ല, വിരിച്ച ഭൂവസ്ത്രത്തിെൻറ കേടുപാടുകൾ തീർക്കാനും താൽപര്യം കാണിച്ചില്ല. അതിനാൽ ഭൂവസ്ത്രം ദ്രവിക്കുകയും മഴക്കാലമായതോടെ പലയിടത്തും കാട് മൂടി വരമ്പുകൾ മുറിഞ്ഞുപോവുകയും ചെയ്തു.
ലക്ഷങ്ങൾ ചെലവഴിച്ചു നടത്തുന്ന കാർഷിക പദ്ധതികൾ പൂർത്തിയാക്കാതെ വഴിയിലുപേക്ഷിക്കുകയും പിന്നീട് ഇത്തരം പദ്ധതികൾ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ കുറ്റൂർ പാടശേഖരത്തിലെ കർഷകർ രോഷാകുലരാണ്.
എന്താണ് കയർ ഭൂവസ്ത്രം?
മണ്ണിെൻറ സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൊണ്ട് ഉണ്ടാക്കുന്ന സാമഗ്രിയാണ് കയർ ഭൂ വസ്ത്രം. മണ്ണിനെയും ജലത്തെയും പരിധിവരെ തടഞ്ഞുനിര്‍ത്തി സംരക്ഷിക്കുന്നതിന് ചകിരിയില്‍ നെയ്യുന്ന ഭൂവസ്ത്രങ്ങള്‍ക്ക് കഴിയും. വേണ്ട രീതിയില്‍ സംസ്കരിച്ച ഭൂവസ്ത്രത്തിെൻറ ഉപയോഗം മണ്ണിെൻറ ഫലഭൂയിഷ്ടിയും വളക്കൂറും വര്‍ധിപ്പിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.