വേങ്ങര: വേങ്ങര പഞ്ചായത്തില്‍ പുതുതായി ചുമതലയേറ്റ ഭരണസമിതിയെ നോക്കുകുത്തിയാക്കി ടെൻഡര്‍ ചെയ്യാത്ത മരാമത്ത് ജോലികള്‍ പൂര്‍ത്തിയാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് കമ്മിറ്റിയില്‍ വാക്പോരും രാജി ഭീഷണിയും.
തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജിക്കത്ത് നൽകി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികളിൽ സമയബന്ധിതമായി ടെൻഡർ ചെയ്യുകയോ എഗ്രിമെൻറ് വെക്കുകയൊ ചെയ്യാത്ത ഒരു ഡസനോളം മരാമത്ത് ജോലികളാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടുന്നതിനു മുേമ്പ പൂര്‍ത്തിയാക്കിയതെന്നാണ് ആരോപണം.
ഈ ജോലികൾ സംബന്ധിച്ച തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് 20ാം വാര്‍ഡ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. കഴിഞ്ഞ ഭരണസമിതി യോഗത്തില്‍ പുതുമുഖ അംഗങ്ങള്‍ ഇക്കാര്യം തിരക്കിയപ്പോള്‍ അത് ടെൻഡറല്ല എന്ന മറുപടിയാണത്രെ ലഭിച്ചത്.
ഇതിനിടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒത്താശ ചെയ്ത അസി. എന്‍ജിനീയര്‍ക്ക് സ്ഥലംമാറ്റം കിട്ടിയതോടെ അയാളെ വേങ്ങരയില്തന്നെ നിലനിര്‍ത്താന്‍ മുതിർന്ന നേതാക്കൾ ഇടപെട്ടതായും സൂചനയുണ്ട്. മുതിര്‍ന്ന ലീഗ് നേതാവാണ് പാര്‍ട്ടിയുടെ ഭാരവാഹിത്വത്തില്‍നിന്ന് രാജി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഭരണസമിതിയിൽ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നടത്തിയ അഴിമതിക്കഥകളാണ് പുറത്തുവന്നിരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. അതിനിടെ പ്രശ്നം പരിഹരിക്കാൻ ലീഗ് അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ടെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.