വേങ്ങര: പത്ത് മാസത്തിലധികമായി കൊളപ്പുറത്ത് നിർത്തിവെച്ച ദേശീയപാത നിർമാണം പുനരാരംഭിച്ചു. എന്നാൽ, ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാതെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കരാറുകാർ അനുകൂല വിധി സമ്പാദിച്ചതെന്ന് സമരസമിതി ആരോപിച്ചു.
കൊളപ്പുറത്തെ ദേശീയപാത നിർമാണ ഭാഗമായി നിലവിലെ അരീക്കോട്-പരപ്പനങ്ങാടി സംസ്ഥാനപാത മുറിച്ചുനിർമാണം നടത്തിയതിനാൽ കൊളപ്പുറം സമരസമിതി അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് പ്രവൃത്തി തടസ്സപ്പെട്ടിരുന്നത്. കഴിഞ്ഞ പത്തുമാസത്തിലധികമായി ഇവിടെ പ്രവൃത്തി നടത്തുന്നതിന് കോടതി വിലക്കുണ്ടായിരുന്നു. കൊളപ്പുറത്തെ ദേശീയപാത വികസനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരസമിതി കോടതിയെ സമീപിച്ചത്.
ദേശീയപാതക്ക് കുറുകെ കടന്നുപോകുന്ന പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാന പാത വഴിയുള്ള യാത്ര ഇവിടെ തടസ്സപ്പെടുകയും കൊളപ്പുറം സൗത്തിലേക്കുള്ള വഴി അടയുകയുമാണെന്നായിരുന്നു സമരസമിതിയുടെ ആരോപണം. പകരമായി സംസ്ഥാനപാത കടന്നുപോകുന്ന താഴെ കൊളപ്പുറം റോഡിനുസമീപം മേൽപാലം പണിയണമെന്നതാണ് സമരസമതിയുടെ ആവശ്യം. എന്നാൽ ദിവസങ്ങളോളമായി കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ്റോഡിൽ നിന്നും എയർപോർട്ട് റോഡിലേക്കുള്ള മേൽപാലത്തിലൂടെ സംസ്ഥാന പാതയിലേക്ക് വാഹനങ്ങൾ വഴിതിരിച്ച് വിട്ടുകൊണ്ടിരിക്കയാണ്. തൽഫലമായി ആറര മീറ്ററിൽ താഴെ മാത്രം വീതിയുള്ള സർവിസ് റോഡിൽ വൻഗതാഗത കുരുക്കാണ്.
വിലക്ക് നീക്കിക്കിട്ടാനായി ഇവിടെ, ഇരട്ട വഴി സംവിധാനം നിലവിലുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് കരാറുകാർ ഇത്തരം ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നതെന്നാണ് സമരസമിതിയുടെ ആരോപണം. അതേസമയം പ്രവൃത്തി പൂർത്തിയായാൽ ഇരട്ടവഴി സംവിധാനം അപ്രായോഗികമാണെന്ന് കാട്ടി വീണ്ടും കരാറുകാർ കോടതിയിൽ പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാൽ സൗത്ത് കൊളപ്പുറത്തുകാർ ഒറ്റപ്പെടും. കൊളപ്പുറത്തെ നിർദ്ദിഷ്ട ഫയർസ്റ്റേഷൻ, ഹൈസ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അഞ്ചു കിലോമീറ്ററിലധികം ചുറ്റി എത്തേണ്ടി വരും. ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് കടക്കണമെങ്കിൽ കിലോമീറ്റർ ചുറ്റിക്കറങ്ങണം. ഭാവിയിൽ വിദ്യാർഥികൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.