വേങ്ങര: നിയോജക മണ്ഡലത്തിലെ മാലിന്യ സംസ്കരണ നടപടികളിൽ തൃപ്തി രേഖപ്പെടുത്തി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഹൈകോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചു. ഖര മാലിന്യ സംസ്കരണ ചട്ടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്. വേങ്ങര മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ജനപങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ നടപടികൾ നടത്തിവരുന്നുണ്ടെന്ന് അഡ്വ. മുഹമ്മദ് ഷാ മുഖേന ബോധിപ്പിച്ച സത്യവാങ്മൂലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഹൈകോടതിയെ അറിയിച്ചിരുന്നു.
അതിനെ തുടർന്നാണ് വേങ്ങര മണ്ഡലത്തിലെ പഞ്ചായത്തുകളെ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി മലിനീകരണ നിയന്ത്രണ ബോർഡിനെ ചുമതലപ്പെടുത്തിയത്. വേങ്ങര, ഊരകം, പറപ്പൂർ, എ.ആർ നഗർ, ഒതുക്കുങ്ങൽ, കണ്ണമംഗലം എന്നീ പഞ്ചായത്തുകളിലാണ് ബോർഡ് പരിശോധന നടത്തിയത്.
എല്ലാ പഞ്ചായത്തുകളും വൃത്തിയായി കാണപ്പെട്ടുവെന്നും റോഡുകളിൽ മാലിന്യ നിക്ഷേപങ്ങൾ ഇല്ല എന്നും പഞ്ചായത്തുകളിൽ ജൈവമാലിന്യം ഉറവിടങ്ങളിൽതന്നെ സംസ്കരിക്കുന്നുണ്ടെന്നും മാലിന്യ ശേഖരണത്തിന് ഇലക്ട്രിക് വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഖരമാലിന്യം ഹരിത കർമ സേനാംഗങ്ങൾ വഴി ശേഖരിക്കുന്നുണ്ടെന്നും ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
നവകേരളം, വൃത്തിയുള്ള കേരളം -വലിച്ചെറിയൽ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള കർമ പരിപാടികൾ ആവിഷ്കരിക്കുന്നതിന് എം.എൽ.എ ചെയർമാനായി രൂപവത്കരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ജൂലൈ 12ന് രാവിലെ 11ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്തിട്ടുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയുടെ ഓഫിസിൽനിന്ന് അറിയിച്ചു.
അഡ്വ. മുഹമ്മദ് ഷാ, കമ്മിറ്റി കൺവീനറായ ജില്ലതല ഉദ്യോഗസ്ഥൻ, തദ്ദേശ വകുപ്പ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറിമാർ, ഹരിത കർമസേന പ്രതിനിധികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.