വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടം പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽ നിന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്കുള്ള കവാടം അടച്ചിട്ടതായി പരാതി. ഗ്രാമ ഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിട്ടും കവാടം തുറന്നു കൊടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മാസങ്ങൾക്കു മുമ്പ് ബ്ലോക്ക് ഓഫിസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സാമൂഹ്യ സമ്പർക്കം ഒഴിവാക്കുന്നതിനായി ഗേറ്റ് അടച്ചു പൂട്ടിയത്.
ബ്ലോക്ക് ഓഫിസ് കൊമ്പൗണ്ടിനകത്ത് പ്രവർത്തിക്കുന്ന പട്ടികജാതി വികസന ഓഫിസ്, ഐ.സി.ഡി.എസ് പ്രോജക്റ്റ് ഓഫിസ്, സായംപ്രഭാ ഹോം, സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയിലേക്ക് പോവുന്നതിനു ഇപ്പോൾ കോമ്പൗണ്ട് ചുറ്റിവളഞ്ഞു റോഡ് വഴി മാത്രമേ സാധിക്കുകയുള്ളു. കവാടം തുറന്നു പ്രശ്നം പരിഹരിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടു.
അതേ സമയം കോവിഡ് പടരുന്ന സാഹചര്യത്തിൽ ഒരു നിയന്ത്രണങ്ങളുമില്ലാതെ ഓഫിസ് വളപ്പിലൂടെ പൊതുവഴി കണക്കെ ജനങ്ങൾ സഞ്ചരിക്കുന്നതിനാലാണ് ഗേറ്റ് അടച്ചതെന്ന് ബ്ലോക്ക് ഓഫിസ് അധികൃതർ പറയുന്നു.
വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിലേക്ക് വരുന്നവർ ബ്ലോക്ക് ഓഫിസിലെത്തുന്നവർക്ക് അസൗകര്യമാവുന്ന വിധം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.