വേങ്ങര: വീട്ടുകാർ കല്യാണത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം. പണവും സ്വർണവും നഷ്ടമായി. ഊരകം കുന്നത്ത് വില്ലേജ് ഓഫിസിന്റെ മുൻവശം ഹിദായത്ത് മൻസിലിൽ കരുവാൻതൊടി സലീം ബാവയുടെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ച മോഷണം നടന്നത്. മുംബൈയിൽ വ്യാപാരിയായ സലീം ബാവ ശനിയാഴ്ച വൈകീട്ട് 5.30ഓടെയാണ് കുടുംബസമേതം ബന്ധുവീട്ടിൽ കല്യാണത്തിനു പോയത്. ഞായറാഴ്ച പുലർച്ച 2.15ഓടെ തിരിച്ചുവന്നപ്പോൾ മോഷ്ടാക്കൾ ഓടിപ്പോകുന്ന ശബ്ദം കേട്ടെന്ന് വീട്ടുകാർ പറയുന്നു.
വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. കമ്പിപ്പാരയും ഉളിയും വാതിലിനു സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച അഞ്ച് പവൻ ആഭരണങ്ങളും ലക്ഷം രൂപയും കവർന്നിട്ടുണ്ട്.
മറ്റു മുറികളിലെ സാധനങ്ങൾ വാരിവലിച്ചിട്ടനിലയിലാണ്വേ ങ്ങര പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. മോഷ്ടാക്കൾ ബൈക്ക് തള്ളി രാത്രി 12ഓടെ വീട്ടിൽ എത്തുന്നതും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ കൈയില്‍ സാധനങ്ങളുമായി പുലർച്ച രണ്ടോടെ തിരിച്ച് പോവുന്നതും സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വേങ്ങര സി.ഐ പി.കെ. മുഹമ്മദ് ഹനീഫ സ്ഥലത്തെത്തി പരിശോധന നടത്തി.
മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. പൊലീസ് നായ് വീട്ടിൽനിന്ന് മണംപിടിച്ച് തങ്ങൾപടി വരെ ഓടി. വേങ്ങര എസ്.ഐ സി.സി. രാധാകൃഷ്ണനാണ് അന്വേഷണച്ചുമതല. മോഷ്ടാക്കൾ ഉടൻ വലയിലാവുമെന്ന് സി.ഐ പി.കെ. മുഹമ്മദ് ഹനീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.