വേങ്ങര: വേങ്ങരയുടെ വിദ്യാഭ്യാസ ഭൂപടത്തിൽനിന്ന് ഒരുസ്ഥാപനം കൂടി നഷ്ടപ്പെടുന്നു. വേങ്ങര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അപ്പാരൽ ടൈലറിങ് സ്ഥാപനം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതിനു പിന്നാലെ കച്ചേരിപ്പടിയിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ചേളാരിയിലേക്ക് മാറ്റുന്നു. രണ്ടുവർഷം ദൈർഘ്യമുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് മേക്കിങ് ടെക്നോളജി എന്ന സർട്ടിഫിക്കറ്റ് കോഴ്സാണ് വേങ്ങരയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടുമൂലം നാടിന് നഷ്ടമായത്. കെട്ടിട സൗകര്യമില്ലാത്തതിന്റെ പേരിലാണ് മണ്ഡലത്തിലെ ഏക സർക്കാർ തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനം മാറ്റാനുള്ള നടപടികൾ ആരംഭിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ പ്രവർത്തന ചുമതല ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി പോളിടെക്നിക് കോളജിനാണ്. ഇവിടെ ഒഴിഞ്ഞുകിടക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി കച്ചേരിപ്പടിയിലെ വാടകക്കെട്ടിടത്തിൽനിന്ന് യന്ത്ര സാമഗ്രികള്‍ ചേളാരിയിലേക്ക് കൊണ്ടുപോയി.
1970ല്‍ സ്ഥാപിച്ച കെ.ജി.ടി.ഇ ടൈലറിങ് ആൻഡ് എംബ്രോയ്ഡറി സ്ഥാപനം 2011 മുതലാണ് ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിട്യൂട്ടായി മാറിയത്. രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സിന് തയ്യൽ ടീച്ചറുടെതടക്കം നിരവധി തൊഴിൽ സാദ്ധ്യതയുള്ളതിനാൽ എസ്. എസ്.എൽ.സിക്ക് ഉയർന്ന ഗ്രേഡ് ലഭിച്ചവർക്ക് മാത്രമാണ് ഇവിടെ പ്രവേശനം ലഭിച്ചിരുന്നത്. കച്ചേരിപ്പടി മെയിൻ റോഡിൽ വില്ലേജ് ഓഫിസിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിൽനിന്ന് സ്ഥാപനം മാറ്റിയപ്പാൾ 2006ൽ അസൗകര്യം പറഞ്ഞ് സ്ഥാപനം ചേളാരിയിലേക്ക് മാറ്റാൻ ശ്രമം നടത്തിയിരുന്നു. നാട്ടുകാരും പൊതുപ്രവർത്തകരും ഇടപെട്ടതോടെ ഇപ്പോഴുള്ള വാടകകെട്ടിടത്തിലെക്ക് മാറ്റി സ്ഥാപനം നിലനിർത്തുകയായിരുന്നു. സർക്കാറിന്റെ അധീനതയിലുള്ള ഭൂമിയും തദ്ദേശസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയും ധാരാളമായുള്ള പഞ്ചായത്താണ് വേങ്ങര. വേങ്ങരയിലോ പരിസരത്തോ കെട്ടിടം പണിയാനുള്ള അൽപം ഭൂമി വിട്ടുനൽകാന്‍ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സ്ഥാപനത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും സ്ഥലം ലഭ്യമാക്കാൻ ഒരു നടപടിയുമുണ്ടായില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.